നീറ്റ് ക്രമക്കേടിലും, വിദ്യാർത്ഥിനി ഐജയുടെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം ലാത്തിച്ചാർജ്ജിൽ കലാശിച്ചു
കാസർകോട്: നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾക്കും വിദ്യാർത്ഥിനി ഐജ ആർ മഹേഷിന്റെ ദുരൂഹ മരണത്തിനും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിലേക്കെത്തിയപ്പോൾ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവർത്തകരെ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ചില പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും പോലീസ് വലയം ഭേദിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
സ്ഥിതി നിയന്ത്രണാതീതമായതോടെ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് നിരവധി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് സ്ഥലത്തുനിന്ന് നീക്കി.
പ്രതിഷേധ മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. വൈഷ്ണവ്, എം. അനുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കവിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച വിവാദവും, തുടർ പരിശീലനത്തിനായി പാലായിലെ സ്വകാര്യ കോച്ചിംഗ് സെന്ററിൽ താമസിക്കവെ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട കാസർകോട് സ്വദേശിനി ഐജ ആർ മഹേഷിന്റെ മരണവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂച്ചക്കാട് മുക്കൂട് കിഴക്കേക്കര മൂലയിലെ കാദംബരി ഹൗസിൽ മഹേഷ്-രാധിക ദമ്പതികളുടെ മകളായിരുന്നു ഐജ. കഴിഞ്ഞ രണ്ടാം തിയ്യതിയാണ് കോട്ടയത്തെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ഐജയെ കണ്ടെത്തിയത്.
What's Your Reaction?