മടിക്കൈ വെള്ളൂടയിൽ പുലി സാന്നിധ്യം; വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു, നാട്ടുകാർ ജാഗ്രതയിൽ
മടിക്കൈ: പുലി സാന്നിധ്യമുണ്ടെന്ന ആശങ്ക ഉയർന്ന മടിക്കൈ വെള്ളൂട പ്രദേശത്ത് വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പ്രദേശത്ത് യഥാർത്ഥത്തിൽ പുലിയുണ്ടോ എന്ന് സ്ഥിരീകരിക്കാനും കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായും ക്യാമറ ഘടിപ്പിച്ചതാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം വനപാലകരും കാസർകോട് നിന്നെത്തിയ ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ വെള്ളൂടയിൽ എത്തിയിരുന്നത് പുലിയാകാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് സ്വദേശിയായ സുരേഷ് നമ്പ്യാരുടെ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഫാമിൽ കയറി ഒരു പശുക്കുട്ടിയെ ആക്രമിച്ച് വലിച്ചുകൊണ്ടുപോയ സംഭവമാണ് പ്രദേശത്ത് ആശങ്ക ശക്തമാക്കിയത്. പിന്നീട് പശുക്കുട്ടിയുടെ ശരീരഭാഗങ്ങൾ ഫാമിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള കാട്ടുപ്രദേശത്ത് കണ്ടെത്തി.
സംഭവസ്ഥലത്തും സമീപ പ്രദേശങ്ങളിലും പുലിയുടേതെന്ന് സംശയിക്കുന്ന നിരവധി കാൽപ്പാടുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്.
മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള ആർആർടി സംഘവും പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ക്യാമറയിൽ ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
What's Your Reaction?