വടകര എംഡിഎംഎ കേസ്: മൂന്നാമത്തെ അധ്യാപികയേയും പിരിച്ചുവിട്ടു; സാമ്പത്തിക ഇടപാടിൽ സഹായിച്ചെന്ന് കണ്ടെത്തൽ

Jul 28, 2026 - 18:40
Jul 28, 2026 - 18:41
 0
വടകര എംഡിഎംഎ കേസ്: മൂന്നാമത്തെ അധ്യാപികയേയും പിരിച്ചുവിട്ടു; സാമ്പത്തിക ഇടപാടിൽ സഹായിച്ചെന്ന് കണ്ടെത്തൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇന്ന് ഉച്ചയോടെയാണ് പേരാമ്പ്ര സ്വദേശിനിയായ നീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയെയും കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ബിആർസിക്ക് കീഴിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്ററായിരുന്ന കാവ്യയും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായിരുന്ന കീർത്തനയും ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ലഹരി വാങ്ങാനെത്തുന്നവർ പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചശേഷം, ലഹരി ഒളിപ്പിച്ചുവെച്ചിരുന്ന സ്ഥലത്തിന്റെ വിവരം ഉപഭോക്താക്കൾക്ക് കൈമാറുകയായിരുന്നു. അവിടെ നിന്ന് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

വലിയ തുക അക്കൗണ്ടിലെത്തുമ്പോൾ സംശയം ഒഴിവാക്കാൻ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നതെന്നാണ് അന്വേഷണ വിവരം.

കാവ്യ ആഡംബര കാർ വാങ്ങിയത് ലഹരി ഇടപാടിൽ നിന്നുള്ള പണം ഉപയോഗിച്ചാണോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പണം നൽകിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ശൃംഖലയുടെ ഇരകളായിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അധ്യാപകരും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow