ഹോട്ടലിൽ സമാന്തര ബാർ; 17 ലിറ്റർ മദ്യവുമായി ഉടമ പിടിയിൽ
കാഞ്ഞങ്ങാട്: ഹോട്ടലിൽ അനധികൃതമായി മദ്യം വിൽപ്പന നടത്തിയ ഹോട്ടലുടമയെ എക്സൈസ് സംഘം പിടികൂടി. മൈലാട്ടി ചൗക്കിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 17 ലിറ്റർ മദ്യം പിടികൂടിയത്. ഹോട്ടലുടമ അമൃതേശ്വരയാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 180 മില്ലി ലിറ്ററിന്റെ 64 ടെട്രാ പാക്കറ്റ് കർണാടക മദ്യവും 180 മില്ലി ലിറ്ററിന്റെ 32 കുപ്പി മധ്യപ്രദേശ് മദ്യവും കണ്ടെത്തി. മദ്യം വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 3,050 രൂപയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
അബ്കാരി കേസിൽ പ്രതിയായിരുന്ന വ്യക്തിയാണ് ഹോട്ടലിൽ സമാന്തര ബാർ നടത്തിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കേസ് രേഖകളും തൊണ്ടിമുതലുകളും സഹിതം ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫീസിൽ തുടർനടപടികൾക്കായി ഹാജരാക്കി.
പ്രിവന്റീവ് ഓഫീസർ എം.എം. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, ശ്രീജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. ശാലിനി, ഐ.ബി. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.പി. സുധീന്ദ്രൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?