അപകടഭീഷണി ഉയർത്തുന്ന ഗുരുപുരം–ഏഴാംമൈൽ റോഡ്; ജനകീയ ശുചീകരണ യജ്ഞം ജൂലൈ 13ന്

Jul 11, 2026 - 16:28
 0
അപകടഭീഷണി ഉയർത്തുന്ന ഗുരുപുരം–ഏഴാംമൈൽ റോഡ്; ജനകീയ ശുചീകരണ യജ്ഞം ജൂലൈ 13ന്

അമ്പലത്തറ: കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാനപാതയിൽ ഗുരുപുരം മുതൽ ഏഴാംമൈൽ വരെയുള്ള ഭാഗത്ത് റോഡരികിലെ കാട് മൂടിയതിനെ തുടർന്ന് അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത്, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്, അമ്പലത്തറ പോലീസ് സ്റ്റേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഇരിയ നീലാംബരി ഓഡിറ്റോറിയത്തിലായിരുന്നു യോഗം.

വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ, നാട്ടുകാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത-സാമുദായിക സംഘടനകൾ, ആരാധനാലയ പ്രതിനിധികൾ, ക്ലബ്ബ്-വായനശാല ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. വന്ദന സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സി ഉദ്ഘാടനം നിർവഹിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത സി.കെ. മുഖ്യാതിഥിയായി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് വയമ്പ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ പി.സി., കോടോംബേളൂർ, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അമ്പലത്തറ പോലീസ് സബ് ഇൻസ്പെക്ടർ പ്രകാശൻ, പി.ആർ.ഒ. മോഹനൻ, കാഞ്ഞങ്ങാട് സോഷ്യൽ ഫോറസ്റ്റ് റേഞ്ചർ, പൊതുമരാമത്ത് വകുപ്പ് ഓവർസീയർ, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

യോഗത്തിൽ കൈക്കൊണ്ട തീരുമാനപ്രകാരം ജൂലൈ 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഗുരുപുരം മുതൽ ഏഴാംമൈൽ വരെയുള്ള ഭാഗത്ത് ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗുരുപുരത്ത് നടക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.

റോഡരികിലെ കാടും കുറ്റിച്ചെടികളും നീക്കം ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow