കനത്ത മഴയും കാറ്റും; വീട് തകർന്നു, അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
കരിന്തളം: കനത്ത മഴയിലും ശക്തമായ കാറ്റിലും കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിലിൽ ഓട് മേഞ്ഞ വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് കാട്ടിപ്പൊയിലിലെ കെ. സി. സുന്ദരന്റെ വീട് നിലംപതിച്ചത്. അപകടസമയത്ത് വീടിനുള്ളിൽ സുന്ദരന്റെ ഭാര്യ മിനിയും മകൾ ശ്രീനന്ദയും ഉറങ്ങുകയായിരുന്നു.
വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും ഓടിയെത്തിയ അയൽവാസിയായ മണി എന്ന രാധാകൃഷ്ണൻ അതിസാഹസികമായി രക്ഷിക്കുകയായിരുന്നു.
സംഭവസമയത്ത് സെക്യൂരിറ്റി ജീവനക്കാരനായ സുന്ദരൻ ജോലിസ്ഥലത്തായിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല. വീടിന്റെ പൂർണ നാശത്തോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്.
What's Your Reaction?