കല്യാണി അമ്മയെ തേടി കഥാകൃത്ത്; വായനാസ്നേഹത്തിന് അപൂർവ്വ ആദരം
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ 'വായനവസന്തം-വീട്ടിലേക്കൊരു പുസ്തകം' പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ശ്രദ്ധേയയായ എരട്ടുങ്കാൽ കല്യാണി അമ്മയെ തേടി പ്രശസ്ത കഥാകൃത്തും മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപികയുമായ ശാലിനി വിനോദ് വീട്ടിലെത്തി.
കല്യാണി അമ്മയെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശാലിനി വിനോദ് ഭർത്താവ് വിനോദ് മാസ്റ്ററോടൊപ്പം അതിയാമ്പൂരിൽ നിന്ന് മുണ്ടോട്ടെ വീട്ടിലെത്തിയത്. സ്വന്തം രചനകളായ 'പ്രണയകാവൽ', 'സ്നേഹോപനിഷത്ത്', 'ഹൃദയമഴ' എന്നീ മൂന്ന് പുസ്തകങ്ങൾ അവർ കല്യാണി അമ്മയ്ക്ക് സമ്മാനിച്ചു.
76-ാം വയസിലും വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കല്യാണി അമ്മയുടെ പുസ്തകസ്നേഹത്തെയും വായനാശീലത്തെയും ശാലിനി വിനോദ് അഭിനന്ദിച്ചു. വായനയ്ക്ക് പ്രായം ഒരു തടസ്സമല്ലെന്നും ഇത്തരം മാതൃകകൾ പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.
What's Your Reaction?