കാഞ്ഞിരപ്പൊയിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; അന്വേഷണം പാതിവഴിയിൽ
മടിക്കൈ: കാഞ്ഞിരപ്പൊയിൽ പച്ചക്കുണ്ടിലെ പ്രവാസിയായ ഷുക്കൂറിന്റെ പൂട്ടിയിട്ട വീട്ടിൽ കവർച്ചയ്ക്ക് ശ്രമിച്ച കേസിലെ അന്വേഷണം പാതിവഴിയിൽ. കഴിഞ്ഞ മെയ് 17-ന് ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
ഷുക്കൂറും ഭാര്യയും മക്കളും വീട് പൂട്ടി പരപ്പയിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ചാശ്രമമുണ്ടായത്. പുലർച്ചെ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
മോഷ്ടാക്കൾ വീട്ടിനകത്ത് കടന്നിരുന്നെങ്കിലും പണമോ സ്വർണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് കുടുംബം അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ വീടിനടുത്തുള്ള പപ്പായ മരത്തിന് സമീപത്തു നിന്ന് കവർച്ചാശ്രമത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന കമ്പിപ്പാര കണ്ടെത്തിയിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിലെ ഇരട്ടത്താഴ് കുത്തിപ്പൊളിക്കാൻ ഇതാണ് ഉപയോഗിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് മുമ്പ് റബ്ബറും അടയ്ക്കയും മോഷണം പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരത്തിലുള്ള വീടുകയറി കവർച്ചാശ്രമം ആദ്യമായാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം നടന്ന വീടിന്റെ പരിസരത്തൊന്നും സി സി ടി വി ഇല്ലാത്തതും അന്വേഷണത്തെ കുഴക്കുന്നുണ്ട്. കേസിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?