കാൻഫെഡ് അവാർഡ് കാവുങ്കൽ നാരായണന്

Jul 2, 2026 - 22:20
Jul 2, 2026 - 22:24
 0
കാൻഫെഡ് അവാർഡ് കാവുങ്കൽ നാരായണന്

കാഞ്ഞങ്ങാട്: മാധ്യമപ്രവർത്തനം, അധ്യാപനം, സാക്ഷരതാ പ്രവർത്തനം, സാഹിത്യം എന്നീ മേഖലകളിൽ ദീർഘകാലമായി നൽകിയ സമഗ്ര സംഭാവനകൾക്ക് പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ കാവുങ്കൽ നാരായണനെ ഈ വർഷത്തെ കാൻഫെഡ് സംസ്ഥാന അവാർഡിന് തെരഞ്ഞെടുത്തു. കാൻഫെഡിന്റെ സംസ്ഥാന സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന നാരായണൻ മാസ്റ്റർക്ക് കാൻഫെഡ് സംസ്ഥാന ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിലെത്തി പുരസ്കാരം സമ്മാനിക്കുമെന്ന് അറിയിച്ചു.

കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമപ്രവർത്തകരിലൊരാളായ കാവുങ്കൽ നാരായണൻ അരനൂറ്റാണ്ടോളം മാതൃഭൂമിയുടെ ലേഖകനായി പ്രവർത്തിച്ചു. മാധ്യമരംഗത്തിനൊപ്പം അധ്യാപകനായും സാക്ഷരതാ പ്രവർത്തകനായും എഴുത്തുകാരനായും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

കോടോം-ബേളൂർ അയ്യങ്കാവിലെ പരേതരായ അയ്യങ്കാവ് കൂലോത്ത് കുഞ്ഞിരാമൻ മണിയാണിയുടെയും കാവുങ്കൽ കെ.പി. നാരായണിയമ്മയുടെയും മകനായ അദ്ദേഹം പള്ളിക്കര കീക്കാൽ ഗവ. യു.പി. സ്കൂൾ, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ബേളൂർ ശ്രീശങ്കര യു.പി. സ്കൂൾ, പറക്കളായി ഗവ. യു.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പിന്നീട് ഹൊസ്ദുർഗ് എ.ഇ.ഒ ഓഫീസിൽ പ്രൈമറി എക്സ്റ്റൻഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചു. നാലു പതിറ്റാണ്ടിലേറെ സാക്ഷരതാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം പി.എൻ. പണിക്കറുമായി ചേർന്ന് പ്രവർത്തിക്കുകയും കാൻഫെഡിന്റെയും പി.എൻ. പണിക്കർ ഫൗണ്ടേഷന്റെയും വിവിധ ചുമതലകൾ വഹിക്കുകയും ചെയ്തു. പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്ഥാപകരിലൊരാളുമാണ്.

ആകാശവാണിയിലൂടെ നിരവധി പ്രഭാഷണങ്ങളും സാഹിത്യസൃഷ്ടികളും അവതരിപ്പിച്ചിട്ടുള്ള നാരായണൻ മാസ്റ്റർ സാക്ഷരതാ സമിതി പ്രചരണവിഭാഗം മാനേജറായും സാക്ഷര കേരളം മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഗോപുരം കല്ലിന്റെ നിഴൽ, അഭയം തേടുന്നവർ, ഗ്രാമവഴിയിലെ കനലുകൾ എന്നീ നോവലുകളും തെരഞ്ഞെടുത്ത ചെറുകഥകൾ എന്ന കൃതിയും അദ്ദേഹത്തിന്റെ പ്രധാന സാഹിത്യ സംഭാവനകളാണ്.

സാമൂഹിക, സാംസ്കാരിക, മാധ്യമ, സാക്ഷരതാ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായാണ് കാൻഫെഡ് സംസ്ഥാന അവാർഡ് കാവുങ്കൽ നാരായണനെ തേടിയെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow