'ഒരു ബിയർ കഴിച്ചിരുന്നു, തെറ്റ് പറ്റി'; വിശദീകരണവുമായി ഹെലൻ ഓഫ് സ്പാർട്ട

Jul 3, 2026 - 06:42
 0
'ഒരു ബിയർ കഴിച്ചിരുന്നു, തെറ്റ് പറ്റി'; വിശദീകരണവുമായി ഹെലൻ ഓഫ് സ്പാർട്ട

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവും ക്ഷമാപണവുമായി സോഷ്യൽ മീഡിയ വ്‌ളോഗർ ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ്.ആർ.) രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തിൽ പ്രതികരിച്ചത്.

ഒരു പരിപാടിക്കിടെ ഒരു ബിയർ കുടിച്ചിരുന്നുവെന്നും അതിന് ശേഷം വാഹനം ഓടിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും ധന്യ സമ്മതിച്ചു. സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഇനി ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്നും അവർ പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോയത് ആളുകൾ തിരിച്ചറിയുകയും ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്യുമെന്ന ഭയത്താലാണെന്നും ധന്യ വിശദീകരിച്ചു. പിന്നീട് വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി പരിശോധന നടത്തിയെന്നും മദ്യപിച്ചിരുന്ന കാര്യം മറച്ചുവെച്ചില്ലെന്നും അവർ പറഞ്ഞു.

വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ധന്യ വ്യക്തമാക്കി. വാഹനം വിശദമായി പരിശോധിക്കാൻ താൻ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, സംശയങ്ങൾ ഒഴിവാക്കാൻ സ്വന്തം ചെലവിൽ ഡ്രഗ്, ആൽക്കഹോൾ പരിശോധനയും നടത്തിയതായും അവർ പറഞ്ഞു. പരിശോധനാ റിപ്പോർട്ടും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് ഭഗവതിനഗർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചുവെന്നാണ് എഫ്.ഐ.ആറിലെ പരാമർശം.

സംഭവത്തിന് ശേഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുകയാണെന്നും, തനിക്ക് ലഭിച്ചിരിക്കുന്നത് സാധാരണ ഇത്തരം കേസുകളിൽ ലഭിക്കുന്ന നിയമനടപടികൾ മാത്രമാണെന്നും ധന്യ വീഡിയോയിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow