കടലാടിപ്പാറയിൽ ചെങ്കൽ ക്വാറിക്ക് നീക്കം; ഒറ്റ ദിവസം കൊണ്ട് പാറ പൊളിച്ചുനീക്കി
ബിരിക്കുളം: പരിസ്ഥിതി പ്രാധാന്യമുള്ള ബിരിക്കുളം കടലാടിപ്പാറയിൽ ചെങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു. സമീപവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും ഒറ്റ ദിവസം കൊണ്ട് പാറ പൊളിച്ചുനീക്കിയതായാണ് ആരോപണം. ക്വാറി തുടങ്ങാനുള്ള നീക്കം അതീവ രഹസ്യമായാണ് നടത്തിയതെന്നും നാട്ടുകാർ പറയുന്നു.
നൂറുകണക്കിന് സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായ കടലാടിപ്പാറ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണ്. നീലേശ്വരം പുഴയുടെ പ്രധാന പോഷക നീർച്ചാലുകളുടെ ഉത്ഭവകേന്ദ്രങ്ങളിലൊന്നും കടലാടിപ്പാറയുടെ താഴ്വാരമാണ്.
കുമ്പളപ്പള്ളി ചാൽ കടലാടിപ്പാറയുടെ വടക്കുഭാഗത്തുള്ള ബിരിക്കുളം വയലിൽനിന്നും കാറളം ചാൽ തെക്കുഭാഗത്തുനിന്നുമാണ് ഉത്ഭവിക്കുന്നത്. കാളിയാനം–വരഞ്ഞൂർ–വട്ടക്കല്ല് ചാലിന്റെ പ്രധാന ഭാഗവും കടലാടിപ്പാറയിൽനിന്നാണ് ആരംഭിക്കുന്നത്.
കടലാടിപ്പാറയിലെയും സമീപത്തെ ചെങ്കൽപ്പാറയിലെയും പരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കാതെയാണ് വിവിധ കാലങ്ങളിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥർ ഇവിടത്തെ റവന്യൂ ഭൂമി സൈനികർ ഉൾപ്പെടെയുള്ളവർക്ക് പതിച്ചുനൽകിയതെന്നാണ് ആരോപണം. ഇത്തരത്തിൽ സ്ഥലം ലഭിച്ചവരിൽ പലരും പിന്നീട് മറിച്ചുവിൽക്കുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു.
കിനാനൂർ–കരിന്തളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് വ്യാപകമായി ചെങ്കൽ കടത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ആവശ്യപ്പെട്ടാൽ പോലും പലപ്പോഴും നാട്ടുകാർക്ക് നിർമാണാവശ്യത്തിനുള്ള കല്ല് ലഭിക്കാത്ത സാഹചര്യമുണ്ടെന്നും പരാതിയുണ്ട്.
കടലാടിപ്പാറയുടെ പരിസ്ഥിതി സംരക്ഷണവും നീർച്ചാലുകളുടെ നിലനിൽപ്പും കണക്കിലെടുത്ത് ക്വാറി തുടങ്ങാനുള്ള നീക്കം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?