ട്രാക്കിൽ ജിൽഷയുടെ സ്വർണക്കുതിപ്പ്; ഇരട്ട മെഡൽ തിളക്കത്തിൽ പാണത്തൂർ
പാണത്തൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച വേഗവും പോരാട്ടവീര്യവും കാഴ്ചവെച്ച് പാണത്തൂരിന്റെ അഭിമാനമായി ജിൽഷ ജിനിൽ. കോഴിക്കോട് നടക്കുന്ന കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ വെങ്കലവും നേടിയാണ് ജിൽഷയുടെ മിന്നും പ്രകടനം.
100 മീറ്റർ ഓട്ടത്തിൽ 11.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൽഷ ഒന്നാം സ്ഥാനത്തെത്തിയത്. 200 മീറ്ററിൽ 26.06 സെക്കൻഡിൽ ഓടിയെത്തി മൂന്നാം സ്ഥാനവും നേടി. രണ്ട് ഇനങ്ങളിലും മെഡൽ സ്വന്തമാക്കിയതോടെ സംസ്ഥാന കായികമേളയിലെ ശ്രദ്ധേയ താരമായി ജിൽഷ മാറി.
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ജിൽഷ, പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യു-ജോമി വി.ജെ. ദമ്പതികളുടെ മകളാണ്.
ചെറുപ്രായത്തിൽ തന്നെ കായികരംഗത്ത് മികവ് തെളിയിച്ച ജിൽഷ 2023 മുതൽ ദേശീയ, സൗത്ത് സോൺ, സംസ്ഥാന അത്‌ലറ്റിക് മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ സ്വർണം നേടിയതും മീറ്റ് റെക്കോർഡ് സ്വന്തമാക്കിയതും താരത്തിന്റെ നേട്ടങ്ങളിൽ ശ്രദ്ധേയമാണ്.
ജിൽഷയുടെ വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കും. പാണത്തൂർ പൗരാവലിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കോളിച്ചാലിൽ നിന്ന് പാണത്തൂരിലേക്ക് സ്വീകരണയാത്ര നടക്കും. വൈകിട്ട് അഞ്ചിന് കോട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഗ്രൗണ്ടിൽ യുവശക്തി കോട്ടോടിയുടെ നേതൃത്വത്തിൽ സ്വീകരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കും.
കായികവേദികളിൽ തുടർച്ചയായി മികവ് തെളിയിക്കുന്ന ജിൽഷയുടെ നേട്ടം പാണത്തൂരിന്റെ കായികചരിത്രത്തിൽ അഭിമാനമായി മാറുകയാണ്. വരുംകാലങ്ങളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ വിജയം താരത്തിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് നാട്.
What's Your Reaction?