പ്രവാസികൾക്ക് പാസ്പോർട്ട് ഫീസ് കുറയ്ക്കണം; ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രത്യേക സീറ്റ് വേണം: ഖത്തർ എരിയാൽ ജമാ-അത്ത് കമ്മിറ്റി

Oct 31, 2026 - 08:15
 0
പ്രവാസികൾക്ക് പാസ്പോർട്ട് ഫീസ് കുറയ്ക്കണം; ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രത്യേക സീറ്റ് വേണം: ഖത്തർ എരിയാൽ ജമാ-അത്ത് കമ്മിറ്റി

ദോഹ: വിദേശ ഇന്ത്യക്കാർക്കുള്ള പാസ്പോർട്ട് ഫീസ് വർധനവ് പുനഃപരിശോധിച്ച് പ്രവാസികൾക്ക് സാമ്പത്തിക ആശ്വാസം നൽകണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസികൾക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ, കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം സമർപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.

വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ വഴി പാസ്പോർട്ട് സേവനങ്ങൾക്ക് ഇന്ത്യയിലെ അപേക്ഷകരേക്കാൾ പലമടങ്ങ് ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. സാധാരണ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാരായ പ്രവാസി കുടുംബങ്ങൾക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പാസ്പോർട്ട് അടിസ്ഥാന സർക്കാർ സേവനമായതിനാൽ ഫീസ് ഗണ്യമായി കുറയ്ക്കുകയോ വർധനവ് പിൻവലിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ, പരിമിതമായ അവധിക്കാലം, ഹജ്ജ് ക്വാട്ടയിലെ നിയന്ത്രണങ്ങൾ എന്നിവ കാരണം നിരവധി പ്രവാസികൾക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരക്കാർക്ക് ആശ്വാസമാകുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസികൾക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസികളുടെ സാമ്പത്തികവും മതപരവുമായ താൽപര്യങ്ങൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അനുകൂലവും മാനുഷികവുമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ അറിയിച്ചു.

ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു. അൻസാർ എരിയാൽ, ഹാരിസ് മാഹിൻ, നൗഷാദ് സിദ്ദക്കട്ട, അബ്ദുൽ സലാം കെ.എ, സിനാസ്, റഷീദ്, ഹനീഫ് സൂപ്പിക്കുട്ടി, ഷാഹിദത്ത് കുളങ്കര, റാഷിദ് കുളങ്കര, മുഹമ്മദ് ഷംഹൂദ്, ഷൻഫുദ്ദീൻ, മാഹിൻ ബ്ലാർകോഡ്, സഫ്വാൻ എരിയാൽ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow