കുവൈറ്റ് അൽ ജഹ്റ നേച്ചർ റിസർവ് സന്ദർശകർക്കായി തുറക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ബേയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന, കുവൈറ്റിലെ ആദ്യത്തെ സംരക്ഷിത പ്രകൃതി കേന്ദ്രമായ അൽ ജഹ്റ റിസർവ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. പ്രകൃതിയുടെ സമ്പന്നമായ വൈവിധ്യവും, വിസ്മയകരമായ പക്ഷികളെയും, വന്യജീവികളെയും അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കിയാണ് അൽ ജഹ്റ നേച്ചർ റിസർവ് നവംബർ ഒമ്പതു മുതൽ വീണ്ടും തുറക്കുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഒരാൾക്ക് രണ്ട് കുവൈറ്റ് ദിനാറാണ് പ്രവേശന നിരക്ക്. കുടുംബങ്ങൾക്ക് അഞ്ച് അംഗങ്ങൾക്കായി ഒരു ഒബ്സർവേറ്ററി ബുക്ക് ചെയ്യാൻ പത്ത് കുവൈറ്റ് ദിനാർ നൽകണം. ഇതുവഴി അവർക്ക് റിസർവിലെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും. പ്രവേശന ടിക്കറ്റുകൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റായ കെ-നെറ്റ് വഴി ബുക്ക് ചെയ്യാം. തനതായ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിന്നായി വർഷങ്ങളായി ഇവിടെ വിപുലമായ പാരിസ്ഥിതിക പുനരധിവാസ പ്രവർത്തനങ്ങൾ നടന്നിരുന്നു. നിരവധി ദേശാടന പക്ഷികളുടെയും, തദ്ദേശീയ ജീവിവർഗ്ഗങ്ങളുടെയും കേന്ദ്രമായ ഈ റിസർവ് പ്രകൃതി സ്നേഹികൾക്കും, പരിസ്ഥിതി പ്രവർത്തകർക്കും, ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ പ്രിയങ്കരമായ ഇടമാണ്. 1987 ലാണ് ഈ റിസർവ് സ്ഥാപിതമായത്.
What's Your Reaction?