മുഖ്യമന്ത്രി ഇന്ന് ഖത്തറിൽ.
ദോഹ: മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനൊരുങ്ങി ഖത്തർ. മുഖ്യമന്ത്രിയെ വരവേൽക്കാൻ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഒരു വ്യാഴവട്ടക്കാലത്തിന്നുശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തര സന്ദർശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു ദിവസത്തെ സന്ദർശനത്തിൽ മുഖ്യമന്ത്രി ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കും. രാവിലെ ദോഹയിൽ എത്തുന്ന മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയുടെയും, ലോക കേരള സഭ അംഗങ്ങളുടെയും വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഉച്ചക്ക് ഷെറാട്ടൻ ഹോട്ടലിൽ ഖത്തറിലെ പ്രവാസി സംഘടനാ നേതാക്കൾ, മലയാളി വ്യവസായികൾ, വാണിജ്യ പ്രതിനിധികൾ എന്നിവരുമായുളള കൂടിക്കാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് അബു ഹമൂറിലെ ഐഡിയിൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന ‘മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്‌കൃതി ഖത്തർ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, പ്രമുഖ വ്യവസായി എംഎ യൂസഫ് അലി തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമാകും. വിവിധ ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി ഖത്തർ സന്ദർശിക്കുന്നത്.
What's Your Reaction?