നീലേശ്വരം ബസ്റ്റാൻഡ് ഉദ്ഘാടനം നാളെ കെ എൻ ബാലഗോപാൽ നിർവഹിക്കും.
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ രാജ റോഡിന്റെ ഹൃദയഭാഗത്ത് ആധുനിക രീതിയിൽ നാല് നിലകളിലായി നാല്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിൽ പണിപൂർത്തീകരിച്ച ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നാളെ രാവിലെ 11:30ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. ഈ ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം നടത്തുന്ന രണ്ടാമത്തെ സ്വപ്ന പദ്ധതിയാണിത്. നേരത്തെ നഗരസഭ കാര്യാലയം ഉദ്ഘാടനം നടത്തിയതും നിലവിലെ ഭരണസമിതിയാണ്. അപകടാവസ്ഥയിലായ പഴയ ബസ്റ്റാൻഡ് കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാൻ പ്രൊഫസർ കെ പി ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തീരുമാനമെടുത്തത്. നഗരസഭയുടെ കൈവശം ഉണ്ടായിരുന്ന 90 സെന്റ് സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള ബസ്റ്റാന്റ്, പാർക്കിംഗ് സൗകര്യം, ടോയ്ലറ്റ്, കോൺഫറൻസ് ഹാൾ എന്നിവയടക്കം വിഭാവനം ചെയ്തിട്ടുണ്ട്. ഒരേസമയം 20 ബസ്സുകൾക്ക് യാർഡ് പൂർത്തിയാകുന്നതോടെ നിർത്തിയിടാൻ കഴിയും. സംസ്ഥാന ചീഫ് ടൗൺ പ്ലാനറുടെ അനുമതി നേടിയെടുത്ത് പണിപൂർത്തിയാക്കാൻ കഴിഞ്ഞത് നീലേശ്വരത്തിന്റെ ഗതാഗതക്കുരുക്കിന് ഒട്ടേറെ ആശ്വാസം പകരും. ഉദ്ഘാടന തീയതി പ്രഖ്യാപിച്ചത് മുതൽ നീലേശ്വരത്തെ ജനങ്ങൾ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. കച്ചേരി കടവ് പാലവും, രാജാ റോഡ് വികസനവും, നീലേശ്വരം മേൽപ്പാലം, താലൂക്ക് ആശുപത്രി റോഡ് വികസനവും പൂർത്തിയാക്കുന്നതോടെ നീലേശ്വരത്തിന്റെ പഴയകാല പ്രതാപം തിരികെ ലഭിക്കുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
What's Your Reaction?