തായന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
അമ്പലത്തറ: തായന്നൂർ എണ്ണപ്പാറയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണക്കേസിൽ രണ്ട് യുവാക്കളെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകരായ വിശാൽ (22), അഭിനവ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ വിശാൽ ഒന്നാം പ്രതിയും അഭിനവ് രണ്ടാം പ്രതിയുമാണ്.
ബേക്കൽ ഡിവൈഎസ്പി എം.പി. ആസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മണിക്കൂറുകൾക്കകം കണ്ടെത്തിയത്. ആക്രമണത്തിനിടെ ഓഫീസ് ജനൽച്ചില്ലുകൾ തകർക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റ വിശാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് എസ്.എച്ച്.ഒ ഷാജു സി., എസ്.ഐ. പ്രകാശൻ എന്നിവരുടെ നിർദേശപ്രകാരം എ.എസ്.ഐ. കെ. ജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്കൂൾ പഠനകാലത്ത് എബിവിപിയുടെ പതാക സ്കൂൾ പരിസരത്ത് ഉയർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും തുടർന്ന് സിപിഎം പ്രവർത്തകർ ആക്രമിച്ചെന്നാരോപിക്കുന്ന സംഭവത്തിന്റെ വൈരാഗ്യവുമാണ് പാർട്ടി ഓഫീസും കൊടിമരങ്ങളും തകർക്കാൻ കാരണമായതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
ഒന്നാം പ്രതിയായ വിശാൽ അടുത്തിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
What's Your Reaction?