ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തെ ഇത്തിഹാദ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും
ദുബായ്: യുഎഇയിലെ യാത്രാരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇത്തിഹാദ് റെയിൽ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി വികസിപ്പിക്കുന്ന ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തെ ഇത്തിഹാദ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു.
ഇതോടെ അബുദാബി ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് അതിവേഗം വിമാനത്താവളത്തിൽ എത്താൻ സാധിക്കും. ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ് ആണ് ഈ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കിയത്.
വർഷത്തിൽ 26 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള രീതിയിലാണ് അൽ മക്തൂം വിമാനത്താവളം വികസിപ്പിക്കുന്നത്. ഇത്തിഹാദ് റെയിൽ പാത വിമാനത്താവളത്തിന് തൊട്ടടുത്തെത്തും. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് ടെർമിനലുകളിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മാണം വിഭാവനം ചെയ്യുന്നത്. 3400 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന മെട്രോ ഗോൾഡ് ലൈൻ അൽ മക്തൂം വിമാനത്താവളവുമായി ബന്ധിപ്പിക്കും.
42 കിലോമീറ്റർ നീളമുള്ള ഈ പാത 15 പ്രധാന മേഖലകളെ വിമാനത്താവളവുമായി കോർത്തിണക്കും. നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് അതിവേഗം എത്തുന്നതിനായി പ്രത്യേക ‘എയർപോർട്ട് എക്സ്പ്രസ്’ ട്രെയിനുകളും സർവീസ് നടത്തും.
ഈ സംയോജിത ഗതാഗത സംവിധാനം നിലവിൽ വരുന്നതോടെ റോഡ് മാർഗ്ഗമുള്ള യാത്ര കുറയ്ക്കാനും സമയം ലാഭിക്കാനും സാധിക്കും. അബുദാബിയിൽ നിന്ന് നേരിട്ട് ട്രെയിൻ മാർഗ്ഗം ദുബായിലെ ഈ വമ്പൻ വിമാനത്താവളത്തിൽ എത്താം എന്നത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാകും.
What's Your Reaction?