തൃശ്ശൂർ പാവറട്ടിയിലെ കവർച്ച; കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ
തൃശ്ശൂർ: തൃശ്ശൂർ പാവറട്ടിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. ഹൊസ്ദുർഗ്ഗ് ഗാർഡൻ വളപ്പിലെ ആസിഫ് (24) നെയാണ് പാവറട്ടി പോലീസ് മംഗളൂരുവിൽ നിന്ന് പിടികൂടിയത്.
പാവറട്ടി പുളിഞ്ചേരി പടിക്ക് സമീപത്തെ പുലിക്കോട്ടിൽ ജോമോന്റെ വീട്ടിലായിരുന്നു സംഭവം. അധ്യാപകനായ ജോമോനും ഫാർമസിസ്റ്റായ ഭാര്യയും ജോലിക്ക് പോയ സമയത്താണ് മോഷണം നടന്നത്. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തകർന്ന നിലയിലും സ്വർണാഭരണങ്ങൾ നഷ്ടമായ നിലയിലും കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ മംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് ആസിഫ് പിടിയിലായത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതി വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കൈക്കോട്ട് ഉപയോഗിച്ച് പിൻവാതിൽ തകർത്താണ് ഇയാൾ വീടിനുള്ളിൽ കടന്ന് കവർച്ച നടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
What's Your Reaction?