നീലേശ്വരം മാർക്കറ്റിൽ ആകാശപാത നിർമ്മിക്കണം; ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു
കാസർകോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള നിർമാണരീതി പുനഃപരിശോധിച്ച് പകരം തൂണുകളിൽ അധിഷ്ഠിതമായ ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് വിശദമായ അടിയന്തര റിപ്പോർട്ട് കൈമാറി. ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനവും വിലയിരുത്തലും അടിസ്ഥാനമാക്കിയാണ് ഈ ശിപാർശ.
നീലേശ്വരം ടൗണിന്റെ ഗതാഗതവും ഭാവി വികസനവും മുൻനിർത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ മാർക്കറ്റ് ജംഗ്ഷനിൽ മണ്ണ് നിറച്ച് ഉയർത്തുന്ന നിർമാണം പൂർത്തിയായാൽ നഗരഭാഗങ്ങൾ പരസ്പരം വേർപിരിയുന്നതിനും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. നഗരത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കും ഇത് തിരിച്ചടിയാകാമെന്നും വിലയിരുത്തുന്നു.
നീലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പുറം റോഡ് വരെയുള്ള ഭാഗത്ത് നിലവിലുള്ള മണ്ണ് തിട്ടപ്പെടുത്തൽ ഒഴിവാക്കി ഫ്ളൈഓവർ മാതൃക നടപ്പാക്കാൻ ദേശീയപാത അതോറിറ്റിക്ക് സർക്കാർ അടിയന്തര നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം. ഇതിലൂടെ സർവീസ് റോഡുകൾക്ക് കൂടുതൽ വീതി ലഭിക്കുകയും ഗതാഗത നിയന്ത്രണം എളുപ്പമാകുകയും ചെയ്യും. കൂടാതെ പാലത്തിന് താഴെയുള്ള സ്ഥലം വാഹന പാർക്കിംഗിനായി പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോട്ടപ്പുറം-തൈക്കടപ്പുറം മേഖലയിലേക്കുള്ള യാത്രാസൗകര്യം തടസപ്പെടാതെ നിലനിർത്തുന്നതിനും ടൂറിസം, മത്സ്യബന്ധന മേഖലയിലെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുമായി ഫ്ളൈഓവർ മാതൃക കൂടുതൽ അനുയോജ്യമാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, നീലേശ്വരം പുഴയ്ക്ക് മുകളിലൂടെ 1958-ൽ നിർമിച്ച ദേശീയപാത പാലം സുരക്ഷാ ഭീഷണിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഴയ പാലം നിലനിർത്തി പുതിയ മൂന്ന് വരി പാലം മാത്രം നിർമിച്ചാൽ ഭാവിയിൽ ഗതാഗതസമ്മർദ്ദം വർധിക്കുമെന്നതിനാൽ പഴയ പാലം പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് പുതിയ പാലം നിർമിച്ച് ആറ് വരി ഗതാഗത സംവിധാനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ജനകീയ കർമ്മസമിതി ആകാശപാത ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരത്തെ തുടർന്നുള്ള നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് റിപ്പോർട്ട് സർക്കാരിലേക്ക് അയച്ചത്. കാലവർഷം അടുത്തെത്തുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര തീരുമാനം അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?