മാവുങ്കാലിൽ യുവതിയുട മാലകവർന്ന കേസ്: 299 സി.സി.ടി.വി. ദൃശ്യങ്ങൾക്കൊടുവിൽ പ്രതികൾ കുടുങ്ങി
കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വീഴ്ത്തി മൂന്ന് പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്ത് പി. സിന്ധുവിനെ ആക്രമിച്ച് മാല കവർന്ന കേസിലാണ് കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസിലെ സൂര്യൻ (26), കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പതേക്കർ ഹൗസിലെ അനസ് എന്ന റമ്പുട്ടാൻ അനസ് (29) എന്നിവരെ പിടികൂടിയത്.
ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ നടത്തിയ നടപടിയിലാണ് അറസ്റ്റ്. മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ നടന്ന കവർച്ചക്കേസിൽ പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവർച്ചയും ഇവരുടേതാണെന്ന് വ്യക്തമായത്.
കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 299 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പ്രതികളുടെ മുഖം വ്യക്തമാകാതിരുന്നത് അന്വേഷണം ദുഷ്കരമാക്കി. എന്നാൽ കോഴിക്കോട് ഒരു ഹോട്ടലിൽ ചായ കുടിക്കാനെത്തിയപ്പോൾ ഹെൽമറ്റ് മാറ്റി നടക്കുന്നതിന്റെ ദൃശ്യം ലഭിച്ചതോടെയാണ് അനസിനെ തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടിൽനിന്ന് അനസിനെ അറസ്റ്റ് ചെയ്യുകയും, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയായ സൂര്യനെയും പിടികൂടുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ കവർച്ചയ്ക്ക് ശേഷം പ്രതികൾ മംഗളൂരു ഭാഗത്തേക്ക് കടന്ന് ഉപയോഗിച്ച സ്കൂട്ടർ അവിടെ ഉപേക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കവർച്ച നടത്തിയ കാര്യം പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജോലി കഴിഞ്ഞ് സ്വന്തം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിന്ധുവിനെ പിന്തുടർന്നെത്തിയ പ്രതികൾ സ്കൂട്ടർ കുറുകെ കയറ്റി വീഴ്ത്തിയ ശേഷമാണ് മൂന്ന് പവന്റെ സ്വർണ്ണമാല കവർന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുമെന്ന് ഹോസ്ദുർഗ് പൊലീസ് അറിയിച്ചു.
What's Your Reaction?