എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ പ്രവേശനകവാടം വിവാദത്തിൽ; അപാകത പരിഹരിക്കുമെന്ന് പഞ്ചായത്ത്
എണ്ണപ്പാറ: കോടോം-ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പ്രവേശനകവാടത്തിലൂടെ ആംബുലൻസ്, ഫയർ എഞ്ചിൻ തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ വിവാദം. കമാനത്തിൻ്റെ നിർമ്മാണത്തിലെ അപാകതയാണ് വാഹനങ്ങൾക്ക് തടസ്സമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ നിലവിൽ ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പ്രവേശനം തടസ്സമില്ലെന്നും പ്രശ്നത്തിന്ന് ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്നും കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ "മടിക്കൈ ഡോട്ട് കോമി" നോട്ട് പറഞ്ഞു.
കുടുംബാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന 15-ാം വാർഡിൽ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചുറ്റുമതിലും പ്രവേശനകമാനവും നിർമ്മിച്ചത്. നിലവിലെ ഭരണസമിതി അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ കരാർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചതായും പ്രസിഡൻറ് വ്യക്തമാക്കി.
കമാനത്തിൻ്റെ ഉയരം സംബന്ധിച്ച് നടത്തിയ പരിശോധനയിൽ എസ്റ്റിമേറ്റിൽ നിശ്ചയിച്ചത് 3.30-നേക്കാൾ ഏകദേശം 20 സെന്റിമീറ്റർ കുറച്ചാണ് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കമാനത്തിന് മുകളിലൂടെ ത്രീഫേസ് വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാൽ ഉയരം കുറച്ചതെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിച്ച വിശദീകരണം.
പുതിയ കെട്ടിടത്തിലേക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റിയതോടെയാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുമായി എത്തിയ വാഹനത്തിന് കമാനത്തിനടിയിലൂടെ കടക്കാൻ തടസ്സമുണ്ടായത് താഴ്ഭാഗത്ത് സ്ഥാപിച്ചിരുന്ന ആരോഗ്യകേന്ദ്രത്തിൻ്റെ ബോർഡിനായുള്ള ഭാഗമാണ് ഇത് പൊളിച്ചുനീക്കിയതോടെ വാഹനം കടന്നുപോയെന്നും പ്രസിഡൻറ് പറഞ്ഞു.
കമാനത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ സംബന്ധിച്ച വിഷയം പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ നിലവിലെ കമാനം പൂർണമായും പൊളിച്ചുമാറ്റി കൂടുതൽ അകത്തേക്ക് മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കമാനം റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഇടപെടലുണ്ടാകുമെന്നും പ്രസിഡൻറ് വ്യക്തമാക്കി.
പ്രവൃത്തിയുടെ ബിൽ കരാറുകാരന് ഇതുവരെ നൽകിയിട്ടില്ലെന്നും പ്രശ്നം പരിഹരിച്ചതിന് ശേഷമേ ബിൽ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകേന്ദ്രത്തിൻ്റെ പിൻഭാഗത്തെ ചുറ്റുമതിലിൻ്റെ ഒരു ഭാഗം തകർന്നതായുള്ള ആരോപണത്തിലും പ്രസിഡൻറ് വിശദീകരണം നൽകി. പുതുതായി നിർമ്മിച്ച മതിലല്ല തകർന്നതെന്നും പഴയ മതിലിൻ്റെ ഭാഗം മഴക്കാലത്ത് തോട്ടിലെ ശക്തമായ നീരൊഴുക്കിനെ തുടർന്ന് തകർന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗത്തെ മതിൽ പുനർനിർമിക്കുന്നതിന് 2026-27 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഇതുൾപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആരോഗ്യകേന്ദ്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പഞ്ചായത്ത് ഭരണസമിതി വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സി.പി.ഐ.എം. ഭരിക്കുന്ന പഞ്ചായത്തിലെ 15-ാം വാർഡിനെ കോൺഗ്രസ്സ് അംഗമാണ് പ്രതിനിധീകരിക്കുന്നത്.
What's Your Reaction?