കൊച്ചി വിമാനത്താവളത്തിൽ ഇനി റോബോട്ടും; യാത്രക്കാർക്ക് തത്സമയ സഹായം

Sep 12, 2026 - 12:16
 0
കൊച്ചി വിമാനത്താവളത്തിൽ ഇനി റോബോട്ടും; യാത്രക്കാർക്ക് തത്സമയ സഹായം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി റോബോട്ടിക് സേവനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലെ കലാ മ്യൂസിയമായ ‘കലാങ്കണത്തിൽ’ റോബോട്ടിനെ വിന്യസിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

യാത്രക്കാർക്ക് മികച്ച സാങ്കേതികാനുഭവവും തത്സമയ സഹായവും ലഭ്യമാക്കുകയാണ് റോബോട്ടിക് സേവനത്തിന്റെ ലക്ഷ്യം. യാത്രക്കാരെ സ്വാഗതം ചെയ്യുക, വഴിനിർദ്ദേശം നൽകുക, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുക, ബോർഡിംഗ് ഗേറ്റുകളിലേക്കും മറ്റ് വിമാനത്താവള സൗകര്യങ്ങളിലേക്കും വഴികാട്ടുക തുടങ്ങിയവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.

യാത്രക്കാർക്ക് സംശയങ്ങൾ ചോദിക്കാനും ആവശ്യമായ വിവരങ്ങൾ നേരിട്ട് റോബോട്ടിൽ നിന്ന് ലഭ്യമാക്കാനും സാധിക്കും. സാങ്കേതിക സഹായത്തിന് പുറമെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനുള്ള മാധ്യമമായും റോബോട്ട് പ്രവർത്തിക്കും.

‘കലാങ്കണത്തിൽ’ പ്രദർശിപ്പിച്ചിരിക്കുന്ന കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളീയ കലാരൂപങ്ങളെക്കുറിച്ചും ശിൽപങ്ങൾ, മറ്റ് കലാസൃഷ്ടികൾ എന്നിവയെക്കുറിച്ചും റോബോട്ട് വിവരങ്ങൾ നൽകും. ഓരോ കലാരൂപങ്ങളുടെയും പ്രദർശന സ്ഥലങ്ങളിലേക്ക് യാത്രക്കാരെ വഴികാട്ടുകയും ചെയ്യും. സിയാലിന്റെ വിവിധ സൗകര്യങ്ങൾ, സേവനങ്ങൾ, വിമാന സർവീസ് വിവരങ്ങൾ, ഗേറ്റ് നമ്പർ എന്നിവയും റോബോട്ടിലൂടെ അറിയാനാകും.

അടുത്ത ഘട്ടത്തിൽ വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഹാളിൽ പാസഞ്ചർ അസിസ്റ്റൻസ് റോബോട്ടുകളെ വിന്യസിക്കും. ടെർമിനലിൽ വിശ്രമിക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും മറ്റ് ഉൽപന്നങ്ങളും എത്തിക്കുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കുന്നതിന്റെ സാധ്യതകളും സിയാൽ പരിശോധിച്ചുവരികയാണ്.

പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക്സ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് സിയാലിനായി റോബോട്ട് നിർമിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് പൂവാട്ടിൽ, കമേഴ്‌സ്യൽ മേധാവി മനോജ് പി. ജോസഫ്, കൈനറ്റിക് റോബോട്ട് പ്രതിനിധി ജിഗ്നേഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow