മുസ്ലീം വെൽഫെയർ സൊസൈറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; രവീന്ദ്രൻ രാവണീശ്വരത്തിന് മാധ്യമ പുരസ്‌കാരം
കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ ശാക്തീകരണ പുരസ്‌കാരത്തിന് നജീബ് കാന്തപുരം എം.എല്‍.എ അര്‍ഹനായി. സൊസൈറ്റിയുടെ ആജീവനാന്ത ചെയര്‍മാനായിരുന്ന ടി. അബൂബക്കര്‍ ഹാജിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പുരസ്‌കാരം പ്രൊഫ. ഗോപിനാഥ് മുതുകാടിനും ലഭിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക പ്രതിനിധിയുമായിരുന്ന പി. മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണീശ്വരം അര്‍ഹനായി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായും മുന്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി. ജയരാജന്‍, കെ.പി.സി.സി സംസ്‌കാര സാഹിതി കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, എഴുത്തുകാരനും പ്രഭാഷകനുമായ ഹാഷിം ആറങ്ങാടി എന്നിവര്‍ അംഗങ്ങളായുമുള്ള സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ജനപ്രതിനിധികളുടെ പ്രവര്‍ത്തനശൈലിയെ പുതുക്കിപ്പണിയാന്‍ ശ്രമിച്ച നേതാവാണ് നജീബ് കാന്തപുരം എം.എല്‍.എയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. പെരിന്തല്‍മണ്ണയില്‍ അദ്ദേഹം സ്ഥാപിച്ച സിവില്‍ സര്‍വീസ് അക്കാദമി രാജ്യത്തിന് തന്നെ മാതൃകയാണെന്നും സമിതി അഭിപ്രായപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കാസര്‍കോട് ജില്ലയിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ ലോകം സൃഷ്ടിക്കാനുള്ള ഗോപിനാഥ് മുതുകാടിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ജീവകാരുണ്യ പുരസ്‌കാരം നല്‍കുന്നതെന്നും സമിതി അറിയിച്ചു.
മാധ്യമപ്രവര്‍ത്തനത്തെ തൊഴിലിനപ്പുറമുള്ള ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റിയ വ്യക്തിത്വമാണ് രവീന്ദ്രന്‍ രാവണീശ്വരമെന്നും, മതന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ എഴുത്തിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് മാധ്യമ പുരസ്‌കാരമെന്നും പുരസ്‌കാര സമിതി വ്യക്തമാക്കി.
മുന്‍മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കഥാകൃത്ത് ടി. പത്മനാഭന്‍, എഴുത്തുകാരന്‍ സേതു, നിരൂപകന്‍ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ വെല്‍ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
സെപ്റ്റംബര്‍ രണ്ടാം വാരം കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പുരസ്‌കാര സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അംഗങ്ങളായ പ്രൊഫ. കെ.പി. ജയരാജന്‍, ബഷീര്‍ ആറങ്ങാടി, ഹാഷിം ആറങ്ങാടി, വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ മുത്തലിബ് കുളിയങ്കാല്‍, കണ്‍വീനര്‍ ടി. റംസാന്‍, ട്രഷറര്‍ സുറൂര്‍ മൊയ്തു ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?