ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്, സ്ത്രീക്ക് ഗുരുതരം
കാഞ്ഞങ്ങാട്: ദേശീയപാതയിൽ ആറങ്ങാടിയിൽ കാറും ടാറ്റാ ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. അപകടത്തിൽ കാർ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും കാറിലുണ്ടായിരുന്ന ഒരു സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാസർകോട് ഭാഗത്തുനിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന ടാറ്റാ ലോറിയും പാലം കഴിഞ്ഞുള്ള റോഡ് ജംഗ്ഷനിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഏറെ അപകടസാധ്യതയുള്ള ഈ ഭാഗത്ത് കാർ ഡ്രൈവർക്ക് റോഡ് മാറിയതാണ് അപകടകാരണമെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് നാട്ടുകാർ കാറിന്റെ വാതിൽ പൊളിച്ച് വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു. റോഡിൽ തെറിച്ചുവീണ സ്ത്രീയെയും കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും പരിക്കേറ്റ ലോറി ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു. കാറിൽ ഒരു കുട്ടിയും ഉണ്ടായിരുന്നതായി അറിയുന്നു.
ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
What's Your Reaction?