പ്രവർത്തന മികവിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം; ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കമ്പല്ലൂരിന്
കമ്പല്ലൂർ: 2025-26 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള മികച്ച വിദ്യാലയങ്ങളുമായി മത്സരിച്ചാണ് കമ്പല്ലൂർ സ്കൂൾ രണ്ടാം സ്ഥാനം നേടിയത്.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവാണ് വിദ്യാലയത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 15 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം, വർധിച്ചുവരുന്ന ഫുൾ എ പ്ലസുകൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ ജില്ലയിലെ മികച്ച വിജയം, മത്സരപരീക്ഷകളിലെ നേട്ടങ്ങൾ എന്നിവ അക്കാദമിക മികവിന് തെളിവാണ്.
കലോത്സവം, ശാസ്ത്രോത്സവം, ഗണിതശാസ്ത്രമേള, കായികമത്സരങ്ങൾ എന്നിവയിലും വിദ്യാലയം മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടിയതും ശ്രദ്ധേയമാണ്. സംസ്ഥാനതല സെപ്റ്റ് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനും വിദ്യാലയത്തിന് കഴിഞ്ഞു.
ക്ലീൻ കമ്പല്ലൂർ പദ്ധതി, മഴവെള്ള കൊയ്ത്ത് സർവേ, സമൂഹ പങ്കാളിത്തത്തോടെയുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവയും സ്കൂളിന്റെ മികവിന് കരുത്തേകി. എൻ.എസ്.എസ്, എസ്.പി.സി, റോവർ സ്കൗട്ട്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, കരിയർ ഗൈഡൻസ്, കൗൺസിലിംഗ് യൂണിറ്റ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിന്റെ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.
മികച്ച കെട്ടിടസൗകര്യങ്ങൾ, ലാബുകൾ, ജിയോ ലാബ്, റിയാലിറ്റി ലാബ്, മാത്സ്, ഐ.ടി ലാബുകൾ എന്നിവയും വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ വേർതിരിവില്ലാതെ എല്ലാ പ്രവർത്തനങ്ങളും കൂട്ടായി ആസൂത്രണം ചെയ്യുന്ന പ്രവർത്തനരീതിയും കമ്പല്ലൂർ സ്കൂളിന്റെ ശ്രദ്ധേയ സവിശേഷതയാണ്.
What's Your Reaction?