പി.എൻ. പണിക്കർ സ്മാരക അക്ഷര അവാർഡ് ഉണ്ണികൃഷ്ണൻ മാഷിന്
കഴിഞ്ഞ 20 വർഷമായി സ്കൂളിൽ നടപ്പാക്കിവരുന്ന ‘ഉറവ്’ പദ്ധതിയാണ് ഈ അംഗീകാരത്തിന് വഴിവെച്ചത്
കാസർഗോഡ്: വായനാശീലം വളർത്തുന്നതിനും വിദ്യാർഥികളിൽ പുസ്തകസ്നേഹം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന ശ്രദ്ധേയ പ്രവർത്തനങ്ങൾ പരിഗണിച്ച് കാൻ ഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ പി.എൻ. പണിക്കർ സ്മാരക അക്ഷര അവാർഡിന് ബദിയടുക്കയിലെ നവജീവൻ സ്കൂൾ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ അർഹനായി.
കഴിഞ്ഞ 20 വർഷമായി സ്കൂളിൽ നടപ്പാക്കിവരുന്ന ‘ഉറവ്’ പദ്ധതിയാണ് ഈ അംഗീകാരത്തിന് വഴിവെച്ചത്. വേനലവധിക്കാലത്ത് വിദ്യാർഥികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്ന് ആവശ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ പുസ്തകസഞ്ചി നൽകുകയും, സ്കൂൾ തുറക്കുമ്പോൾ അവ തിരികെ ശേഖരിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
പുസ്തകങ്ങൾ വായിച്ചതിന് ശേഷം അവയെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പും വിദ്യാർഥികൾ തയ്യാറാക്കണം. മികച്ച ആസ്വാദനക്കുറിപ്പുകൾക്ക് സമ്മാനങ്ങളും നൽകാറുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഈ മാതൃകാപരമായ പദ്ധതി കേരളത്തിലെ മറ്റൊരു സ്കൂളിലും ഇല്ലാത്ത പ്രത്യേകതയോടെയാണ് രണ്ട് പതിറ്റാണ്ടായി നടപ്പിലാക്കുന്നത്.
കണ്ണൂർ ജില്ലയിലെ പുറച്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണൻ മാഷിന്റെ ഭാര്യ എ.പി. ജയശ്രീയാണ്. കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ജയശ്രീയുടെയും ഉണ്ണികൃഷ്ണന്റെയും മകളാണ് ശ്രീഗൗരി.
What's Your Reaction?