പോലീസ് സ്റ്റേഷൻ പരിഷ്കരണം: ഇൻസ്പെക്ടർമാർക്ക് അഞ്ചുദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി
കാസർകോട്: സംസ്ഥാന സർക്കാരിന്റെ പോലീസ് സ്റ്റേഷൻ പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല എസ്.ഐമാർക്കും ഇൻസ്പെക്ടർമാർക്കും ഏൽപ്പിക്കുന്നതിന് മുന്നോടിയായി കാസർകോട് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർക്കുള്ള അഞ്ചുദിവസത്തെ പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി.
ജില്ലാ പോലീസ് ഓഫീസ് പരിസരത്തെ ജില്ലാ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ വിവിധ വിഷയങ്ങളിലാണ് പരിശീലനം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് മുതൽ കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതും കോടതി വിചാരണ വരെയുള്ള നടപടിക്രമങ്ങളും ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവയിലെ പ്രധാന വ്യവസ്ഥകളും പരിശീലനത്തിന്റെ ഭാഗമാണ്.
ഇൻക്വസ്റ്റ് നടപടികൾ, തെളിവ് ശേഖരണം, ഫോറൻസിക് ശാസ്ത്രം, ദുരന്തനിവാരണം, വി.ഐ.പി സുരക്ഷ, രഹസ്യവിവര ശേഖരണം, പരാതി അന്വേഷണം, ഐ.ടി. ആക്ട്, പോക്സോ ആക്ട്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയൽ, എസ്.സി.-എസ്.ടി. ആക്ട്, കൊലപാതകം, വധശ്രമം, എൻ.ഡി.പി.എസ്. ആക്ട്, കരുതൽ നിയമങ്ങൾ, സോഷ്യൽ പോലീസിംഗ്, ജനമൈത്രി ബീറ്റ് സംവിധാനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങിയ വിഷയങ്ങളിലും വിദഗ്ധർ ക്ലാസുകൾ നയിക്കും.
ആദ്യദിവസം റിട്ട. ഡിവൈ.എസ്.പി പി.കെ. സുധാകരൻ, ഡിവൈ.എസ്.പി ടി. ഉത്തംദാസ്, എസ്.എം.എസ് എസ്.ഐ ദിവാകരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
പോലീസ് സ്റ്റേഷൻ ചുമതല കൂടുതൽ കാര്യക്ഷമമായും നിയമാനുസൃതമായും നിർവഹിക്കുന്നതിന് ആവശ്യമായ പ്രായോഗികവും സാങ്കേതികവുമായ നൂതന അറിവുകൾ പങ്കുവെക്കുകയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി നിധിൻ രാജ് പറഞ്ഞു.
അഡീഷണൽ എസ്.പി.യുടെ അധിക ചുമതല വഹിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി ടി. ഉത്തംദാസ് സ്വാഗതം പറഞ്ഞു.
What's Your Reaction?