പ്രഭാത സവാരിയിൽ സുരക്ഷ ഉറപ്പാക്കണം; ഡ്രൈവർമാർ ആശങ്കയിൽ
മടിക്കൈ-ചാളക്കടവ് -ആലിങ്കീൽ റോഡിൽ പ്രഭാത സവാരി ഗതാഗതത്തിന് വെല്ലുവിളിയുയർത്തുന്നതായി പരാതി
മടിക്കൈ: മടിക്കൈ–ചാളക്കടവ്–ആലിങ്കീൽ ഭാഗങ്ങളിൽ പ്രഭാത സവാരിക്കിറങ്ങുന്നവർ റോഡിന്റെ മധ്യഭാഗത്തുകൂടി നടക്കുന്നത് വാഹനയാത്രയ്ക്ക് തടസ്സവും അപകടസാധ്യതയും സൃഷ്ടിക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെടുന്നു. രാവിലെ ഈ വഴിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് സവാരിക്കാരെ മറികടന്ന് പോകാൻ ബുദ്ധിമുട്ട് നേരിടുന്നതായും അപകടസാധ്യത വർധിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
പ്രഭാത സവാരിക്കാർ റോഡിന്റെ വശങ്ങളിലൂടെ നടക്കാതെ കൂട്ടമായാണ് വാഹനപാതയിലൂടെ സഞ്ചരിക്കുന്നതെന്നും ഇരുട്ടുള്ള സമയങ്ങളിൽ റിഫ്ലക്ടർ ജാക്കറ്റുകളോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ ഉപയോഗിക്കാത്തതും അപകടഭീഷണി വർധിപ്പിക്കുന്നതായി ഡ്രൈവർമാർ പറഞ്ഞു.
കാലവർഷം ശക്തമായതിനെ തുടർന്ന് പ്രദേശത്തെ നിരവധി തെരുവിളക്കുകൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. ഈ സമയത്ത് കിഴക്കൻ മേഖലകളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നവരും പടിഞ്ഞാറൻ ഭാഗത്ത് നിന്ന് പത്രം, പാൽ, കോഴി എന്നിവയുമായി എത്തുന്ന വാഹനങ്ങളും ഈ റോഡിലൂടെ കടന്നുപോകുന്നതിനാൽ ഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഒരു മാസം മുമ്പ് ഇതേ പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ഒരാൾ കോഴി കയറ്റി വന്ന വാഹനമിടിച്ച് മരിച്ച സംഭവം ഉണ്ടായിരുന്നുവെന്നും സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രഭാത സവാരിക്കാർ ഓരോരുത്തരും തങ്ങളുടെ സഞ്ചാരദിശയുടെ ഓരത്തുകൂടി നടക്കുകയും സുരക്ഷാനിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെട്ടു. കൂടാതെ, പ്രവർത്തനരഹിതമായ തെരുവിളക്കുകൾ അടിയന്തരമായി നന്നാക്കുകയും ബന്ധപ്പെട്ട അധികൃതർ ബോധവത്കരണ നടപടികൾ ശക്തമാക്കുകയും ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
What's Your Reaction?