വാക്ക് തർക്കം; കാസർകോട് യുവാവിനെ കുത്തിക്കൊന്നു
കാസർകോട്: ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിലാണ് സംഭവങ്ങൾക്ക് തുടക്കമായത്. മത്സരത്തിനിടെ ഉണ്ടായ വാക്കുതർക്കം പിന്നീട് വൈരാഗ്യത്തിലേക്ക് നീങ്ങിയതായാണ് സൂചന.
രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്ന സുരേഷിനെ കിരൺ പിച്ചാത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ അഖിലേഷ് സഹായം നൽകിയതായും പോലീസിൻ്റെ കേസിലുണ്ട്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരേഷിൻ്റെ മകൻ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?