ഹൊസങ്കടി കൊലപാതകം: നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Sep 6, 2026 - 08:58
 0
ഹൊസങ്കടി കൊലപാതകം: നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മഞ്ചേശ്വരം: ഹൊസങ്കടി അംഗഡിപദവിൽ യുവാവിനെ കൊത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കർണാടക ദാവണഗരെ ഹാരപ്പനഹള്ളിയിലെ രാംനായ്ക്കെന്ന രമേശ് (31) ആണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ എം.പി. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ശേഷം മംഗളൂരു പടീലിൽ എത്തിയ പ്രതി നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാത്രി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക സ്വദേശിയായ രമേശ് (42) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ഹൊസങ്കടിയിലെ നരസിംഹ മൂർത്തിയുടെ പഴയ രണ്ടുനില വീടിനുള്ളിൽ തല ചിതറിയ നിലയിൽ രമേശിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

രമേശ് ഇവിടെ സ്ഥിരമായി താമസിച്ചിരുന്ന ആളല്ലെന്ന് ക്വാർട്ടേഴ്സിലെ തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ശക്തമായി.

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. രമേശിന് നേരെ ക്രൂരമായ ആക്രമണം നടന്നതായും പോലീസ് സംശയിച്ചിരുന്നു.

എസ്.ഐമാരായ ശബരി കൃഷ്ണൻ, അർജുൻ, സ്ക്വാഡ് അംഗങ്ങളായ സുധാകരൻ, സജിത്ത്, രാജേഷ്, ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow