വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയും വീഡിയോയും പകർത്തി പണവും ഫോണും തട്ടിയെടുത്തു; ദമ്പതികളടക്കം മൂന്നുപേർക്കെതിരെ കേസ്

Aug 23, 2026 - 10:17
 0
വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയും വീഡിയോയും പകർത്തി പണവും ഫോണും തട്ടിയെടുത്തു; ദമ്പതികളടക്കം മൂന്നുപേർക്കെതിരെ കേസ്

കുമ്പള: വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി കടം വാങ്ങിയ 5,000 രൂപ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഫോട്ടോകളും വീഡിയോകളും പകർത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികളടക്കം മൂന്നുപേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മുട്ടം ബങ്കര സ്വദേശിയായ 64കാരനായ വ്യാപാരി നൽകിയ പരാതിയിൽ കുബണൂരിലെ റിസ്‌വാന (28), ഭർത്താവ് ഹസ്സൻ ആസിഫ് (33), ബന്ധു മൊഗ്രാൽ സ്വദേശി മുഹമ്മദ് സിറാജ് (32) എന്നിവർക്കെതിരെയാണ് കേസ്. ഹസ്സൻ ആസിഫിനെയും മുഹമ്മദ് സിറാജിനെയും കുമ്പള എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങൾ പ്രകാരം, ഒന്നാം പ്രതിയായ റിസ്‌വാന നേരത്തെ പരാതിക്കാരനിൽ നിന്ന് വൈദ്യുതി ബിൽ അടയ്ക്കാനാണെന്ന് പറഞ്ഞ് 5,000 രൂപ കടം വാങ്ങിയിരുന്നു. തുക തിരികെ നൽകാമെന്ന് പറഞ്ഞ് ഓഗസ്റ്റ് 16ന് രാത്രി 7.30ഓടെ യുവതി വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

കാറിലെത്തിയ വ്യാപാരി വീടിന്റെ സിറ്റൗട്ടിൽ കയറിയപ്പോൾ യുവതിയും ഭർത്താവും ബന്ധുവും ചേർന്ന് ബലമായി പിടികൂടി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ചെറിയ മൊബൈൽ ഫോണും 1,500 രൂപയും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് കാറിന്റെ താക്കോൽ വാങ്ങി കാർ തുറന്ന് കേരള ബാങ്കിന്റെയും കേരള ഗ്രാമീൺ ബാങ്കിന്റെയും എ.ടി.എം കാർഡുകളും 25,000 രൂപ വിലവരുന്ന സാംസങ് മൊബൈൽ ഫോണും കൈക്കലാക്കി. പിൻ നമ്പർ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ ശേഷം എ.ടി.എം വഴി 7,200 രൂപ പിൻവലിച്ചെന്നും പൊലീസ് പറയുന്നു.

ഓഗസ്റ്റ് 17ന് പരാതിക്കാരന്റെ കടയിലെത്തിയ ഹസ്സൻ ആസിഫ് ഭീഷണിപ്പെടുത്തി 5,000 രൂപ കൂടി പിടിച്ചുപറിക്കുകയും രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പകർത്തിയ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. തുടർന്നാണ് വ്യാപാരി കുമ്പള പൊലീസിൽ പരാതി നൽകിയത്.

കുമ്പള എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അജയ്, അതുൽ റാം, സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃഷോദ്, സിവിൽ പൊലീസ് ഓഫീസർ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow