വ്യാജപ്രചാരണം തള്ളി മാർക്ക് ലൈൻ ഓട്ടോ സർവീസ് സെന്റർ ഉടമ; സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യം

Sep 4, 2026 - 19:51
 0
വ്യാജപ്രചാരണം തള്ളി മാർക്ക് ലൈൻ ഓട്ടോ സർവീസ് സെന്റർ ഉടമ; സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യം

ചെറുവത്തൂർ: നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്ഥാപിച്ച സർവീസ് സ്റ്റേഷനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും, സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അധികൃതർ സാഹചര്യമൊരുക്കണമെന്നും മാർക്ക് ലൈൻ ഓട്ടോ സർവീസ് സെന്റർ ഉടമയും ബന്ധുക്കളും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലീസിന് എടുത്ത 65 സെന്റ് സ്ഥലത്ത് ചെറുകിട വ്യവസായ സംരംഭമായി 2026 മാർച്ച് 16ന് ഉദ്ഘാടനം ചെയ്ത മാർക്ക് ലൈൻ ഓട്ടോ സർവീസ് സെന്റർ സ്ഥാപിത താൽപര്യക്കാരുടെ ഇടപെടൽ മൂലം രണ്ടര മാസം മാത്രമാണ് പ്രവർത്തിച്ചതെന്ന് അവർ പറഞ്ഞു. മെയ് 26ന് സ്ഥാപനം അടച്ചിടേണ്ടി വന്നു. പ്രവർത്തിച്ച കാലയളവിൽ ചുരുക്കം ചില വാഹനങ്ങൾ മാത്രമാണ് ഇവിടെ വാഷ് ചെയ്തതെന്നും അവർ വ്യക്തമാക്കി.

വാഹനങ്ങൾ കഴുകുന്നതിന് ഗ്രീസും മറ്റ് കെമിക്കൽ വസ്തുക്കളും ഉപയോഗിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഉടമയുടെ ഭാഗം ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ്, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ആവശ്യമായ സർട്ടിഫിക്കറ്റുകളും അനുമതിപത്രങ്ങളും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയതെന്നും അവർ പറഞ്ഞു.

ഇലക്ഷൻ പ്രോട്ടോക്കോൾ നിലവിലുണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡന്റാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തതെന്നും അന്ന് ഉയരാതിരുന്ന എതിർപ്പാണ് പിന്നീട് ചിലർ ഉന്നയിച്ചതെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വായ്പയെടുത്തും സ്വർണം പണയംവെച്ചും സമാഹരിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് സർവീസ് സ്റ്റേഷൻ ആരംഭിച്ചതെന്ന് ഉടമ കെ. മനോജ് പറഞ്ഞു. സ്ഥാപനം പ്രവർത്തിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യം കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

സിവിൽ സ്റ്റേഷനിൽ നിന്നുള്ള മലിനജലം പൈപ്പ് വഴി ഒഴുക്കിവിടുന്നതിനുള്ള സംവിധാനമുണ്ടെന്നും ഓയിൽ, ഗ്രീസ്, മറ്റ് മാലിന്യങ്ങൾ എന്നിവ ശാസ്ത്രീയമായാണ് സംസ്കരിക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഫിൽട്ടർ ഫീഡ് ടാങ്കിന്റെയും സോക്പിറ്റിന്റെയും ഇടയിലുള്ള പാർട്ടീഷൻ ഭിത്തിയിൽ എന്തെങ്കിലും സാങ്കേതിക അപാകത കണ്ടെത്തിയാൽ അത് പരിഹരിക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചു.

സ്ഥാപനത്തിൽ ആകെ ഒരു ബസ് മാത്രമാണ് കഴുകിയതെന്നും അകത്തേക്ക് കയറ്റാൻ കഴിയാത്തതിനാൽ ഇന്റർലോക്ക് ചെയ്ത സ്ഥലത്ത് വെച്ചാണ് അത് കഴുകിയതെന്നും അവർ പറഞ്ഞു. സ്ഥാപനത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നില്ലെന്നും സമീപത്തെ വീടുകളിലെ കിണറുകളിൽ ഗ്രീസിന്റെ അംശം കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും അവർ ആരോപിച്ചു.

പാറയുടെ മുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനം ചതുപ്പ് നിലത്താണെന്ന തരത്തിലുള്ള പ്രചാരണവും വസ്തുതാവിരുദ്ധമാണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമാനുസൃതമായി നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്നും സ്ഥാപനം ഏത് വിധേനയും പൂട്ടിക്കണമെന്ന നിലപാടിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ സ്ഥാപന ഉടമ കെ. മനോജ്, ഭാര്യ കെ. വി. നിമിഷ, ബന്ധു കെ. പി. സുരേഷ്, കുട്ടികൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow