ഹൊസങ്കടിയിൽ കർണാടക സ്വദേശി ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

Sep 4, 2026 - 22:10
 0
ഹൊസങ്കടിയിൽ കർണാടക സ്വദേശി ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

മഞ്ചേശ്വരം: ഹൊസങ്കടിയിൽ കർണാടക സ്വദേശിയെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശ് (42) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഹൊസങ്കടിയിലെ നരസിംഹ മൂർത്തിയുടെ പഴയ വീടിനുള്ളിൽ തല ചിതറിയ നിലയിൽ രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്സായി ഉപയോഗിക്കുന്ന ഈ വീട്ടിലേക്ക് ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

രമേശ് ഇവിടെ സ്ഥിരമായി താമസിച്ചിരുന്ന ആളല്ലെന്നാണ് ക്വാർട്ടേഴ്സിലെ തൊഴിലാളികൾ പൊലീസിനെ അറിയിച്ചത്. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ശക്തമായി.

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. രമേശിന് നേരെ ക്രൂരമായ ആക്രമണം നടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വിവരമറിഞ്ഞ് മഞ്ചേശ്വരം ഇൻസ്പെക്ടർ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

സംഭവസമയത്ത് ക്വാർട്ടേഴ്സിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും രമേശ് ഇവിടെ എത്തിയത് എന്തിനാണെന്നുമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികത സംശയിക്കുന്ന സാഹചര്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ ശനിയാഴ്ച നടത്താനാണ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കു.

What's Your Reaction?

like

dislike

love

funny

angry

sad

wow