പാണത്തൂരിൽ സാഹിത്യോത്സവത്തിന്റെ കലാമാമാങ്കം; തോട്ടം യൂണിറ്റിന് ഓവർഓൾ കിരീടം
പാണത്തൂർ: ആവേശത്തിന്റെയും കലാപ്രതിഭകളുടെയും നിറവിൽ എസ്.എസ്.എഫ് പാണത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. പാണത്തൂർ ശുഹദ സ്കൂളിൽ അരങ്ങേറിയ സാഹിത്യോത്സവത്തിൽ സെക്ടറിലെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ പ്രതിഭകൾ കലാ-സാഹിത്യ ഇനങ്ങളിൽ കഴിവ് തെളിയിച്ച് ശ്രദ്ധ നേടി.
തുടക്കം മുതൽ അവസാന നിമിഷംവരെ ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് ഒടുവിൽ 232 പോയിന്റുകൾ നേടി തോട്ടം യൂണിറ്റ് ഓവർഓൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 202 പോയിന്റുകളോടെ പാണത്തൂർ യൂണിറ്റ് രണ്ടാം സ്ഥാനവും, 193 പോയിന്റുകളുമായി ചുള്ളിക്കര യൂണിറ്റ് മൂന്നാം സ്ഥാനവും, 192 പോയിന്റുകൾ നേടി ചെമ്പേരി യൂണിറ്റ് നാലാം സ്ഥാനവും കരസ്ഥമാക്കി. സെക്ടർതലത്തിൽ മികവ് തെളിയിച്ച വിജയികൾ ഡിവിഷൻതല മത്സരങ്ങളിൽ മാറ്റുരക്കും.
വിവിധ വേദികളിലായി നടന്ന മത്സരങ്ങൾക്കുശേഷം പ്രൗഢഗംഭീരമായ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും നടന്നു. എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് എസ്.വൈ.എസ് കാഞ്ഞങ്ങാട് സോൺ ഓർഗനൈസിങ് സെക്രട്ടറി റാഷിദ് ഹിമമി ഉദ്ഘാടനം ചെയ്തു.
വിജയികളായ പ്രതിഭകൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഓവർഓൾ ചാമ്പ്യൻമാരായ തോട്ടം യൂണിറ്റിനും രണ്ടാം സ്ഥാനം നേടിയ ചുള്ളിക്കര യൂണിറ്റിനും എവർറോളിംഗ് ട്രോഫികൾ കൈമാറി. സാഹിത്യോത്സവം കലാപ്രതിഭകളുടെ സംഗമവേദിയായും ആവേശത്തിന്റെ ഉത്സവമായും മാറിയതായി സംഘാടകർ അറിയിച്ചു.
What's Your Reaction?