ഹോട്ടലിൽ മോഷണം; മുൻ ജീവനക്കാരൻ അറസ്റ്റിൽ
കാസർകോട്: കുണ്ടംകുഴിയിലെ ഹോട്ടലിൽ നിന്ന് 6,500 രൂപ മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ബേഡകം പൊലീസ്. മരുതടുക്കം സ്വദേശിയും കുണ്ടംകുഴിയിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ടി.കെ. ഹുസൈൻ (40) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് കുണ്ടംകുഴിയിലെ തനിമ ഹോട്ടലിൽ മോഷണം നടന്നത്. ഹോട്ടലിന്റെ പിൻവശം വഴി അകത്ത് കടന്ന പ്രതി, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 6,500 രൂപ അപഹരിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഞായറാഴ്ച രാവിലെ ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ഹോട്ടലിന്റെ പാർട്ണറായ മുഹമ്മദ് ഹാരിസ് ബേഡകം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവസ്ഥലത്തെ പരിശോധനയ്ക്കിടെ ഹോട്ടലിന്റെ അകത്തളങ്ങളും പ്രവർത്തന രീതികളും നന്നായി പരിചയമുള്ള ഒരാളാകാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ മുൻ ജീവനക്കാരനായ ടി.കെ. ഹുസൈൻ പ്രതിയെന്ന് കണ്ടെത്തിയത്. പിന്നാലെ നടത്തിയ നീക്കത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
What's Your Reaction?