അതിർത്തി തർക്കം; പിതാവിനും മക്കൾക്കും ആറുവർഷം തടവും പിഴയും
കാസർകോട്: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടു മക്കൾക്കും ആറു വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പെരിയ നാലേക്കറ സ്വദേശികളായ കണ്ണൻ(70), മക്കളായ മനീഷ് കെ(34), ബിജിത്ത് കെ(32) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജ് അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. 2020 മാർച്ച് ആറിന് രാവിലെ 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിയ നാലേക്രയിലെ പീതാംബരൻ നായരുടെ പറമ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ അതിർത്തി തർക്കത്തെ തുടർന്നുള്ള വിരോധത്താൽ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ആദ്യഘട്ട അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ പി നാരായണനാണ്. തുടർന്ന് ഇൻസ്പെക്ടർ നിസാം എസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെന്റ് പീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ സതീശൻ പി, അഡ്വക്കേറ്റ് അമ്പിളി കെ എന്നിവർ ഹാജരായി. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ പീതാംബരനെതിരെ നൽകിയിരുന്ന പ്രത്യാരോപണ കേസിൽ അദ്ദേഹം കുറ്റക്കാരനില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
What's Your Reaction?