അക്ഷയ കുടുംബശ്രീയിൽ ഓണാഘോഷം: അംഗങ്ങൾക്കും തെരഞ്ഞെടുത്ത കുടുംബങ്ങൾക്കും ഓണക്കിറ്റും ഓണപ്പുടവയും
രാവണേശ്വരം: പരസ്പര സഹായനിധിയിൽ അവശേഷിച്ച തുകയും കുടുംബശ്രീ അംഗങ്ങളുടെ വിഹിതവും ചേർത്ത് അക്ഷയ കുടുംബശ്രീയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കും പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കും ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു.
മാവേലി തമ്പുരാൻ നാടുഭരിച്ചിരുന്ന കാലത്തെ അനുസ്മരിച്ച് എല്ലാവരും ഒരുപോലെ ഓണം ആഘോഷിക്കണമെന്ന ആശയം മുൻനിർത്തിയായിരുന്നു പരിപാടി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്ത് ഓണക്കിറ്റും ഓണപ്പുടവയും കൈമാറി.
കനിവ് പാലിയേറ്റീവിനുള്ള ധനസഹായം കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. അക്ഷയ കുടുംബശ്രീ പ്രസിഡന്റ് റംലത്ത് ബീവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി. സുകുമാരൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി, വൈസ് ചെയർപേഴ്സൺ കെ. സുമതി, വി. ചന്ദ്രൻ, പി.കെ. പ്രകാശൻ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അക്ഷയ കുടുംബശ്രീ സെക്രട്ടറി ടി. സീമ സ്വാഗതവും ഇ.വി. രജിത നന്ദിയും പറഞ്ഞു.
കുടുംബശ്രീ അംഗങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സജീവമായി പങ്കെടുത്തു.
What's Your Reaction?