ഓണക്കാലത്ത് വർണവസന്തമൊരുക്കി കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി

ഓണക്കാലം എത്തിയതോടെ നാടൻ പൂക്കൾക്ക് ആവശ്യക്കാർ ഏറുമ്പോൾ വേലാസ്വരത്തെ കുടുംബശ്രീ പ്രവർത്തകർക്ക് ഇത് മികച്ച വരുമാനാവസരമാകുന്നു

Aug 22, 2026 - 09:17
 0
ഓണക്കാലത്ത് വർണവസന്തമൊരുക്കി കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി

വേലാസ്വരം: ഓണക്കാലം എത്തിയതോടെ നാടൻ പൂക്കൾക്ക് ആവശ്യക്കാർ ഏറുമ്പോൾ വേലാസ്വരത്തെ കുടുംബശ്രീ പ്രവർത്തകർക്ക് ഇത് മികച്ച വരുമാനാവസരമാകുന്നു. അജാനൂർ കുടുംബശ്രീ മോഡൽ സി.ഡി.എസിലെ സൂര്യകാന്തി, തുളസി ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രാവണേശ്വരം തെക്കേ പള്ളത്തെ പാടത്ത് വിരിഞ്ഞ ചെണ്ടുമല്ലി പൂപ്പാടം നാടിന് വർണവസന്തമായി.

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂപ്പാടം കാഴ്ചക്കാർക്കും നയനാനന്ദകരമായ അനുഭവമാണ്. അജാനൂർ സി.ഡി.എസും കൃഷിഭവനും നൽകിയ ചെണ്ടുമല്ലി തൈകൾ ഉപയോഗിച്ചാണ് 30 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയത്. ഇവിടെനിന്ന് 50 കിലോയിൽ അധികം പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പൂക്കൾ വാങ്ങുന്നതിനായി ആളുകൾ നേരിട്ട് പൂപ്പാടത്ത് എത്തുന്നത് കുടുംബശ്രീ പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. കെ. ജ്യോതി, പി. പൂർണ്ണിമ, പി. കമല, എസ്. പൂർണ്ണിമ എന്നിവരടങ്ങുന്ന സൂര്യകാന്തി ജെ.എൽ.ജിയും കെ.വി. ഉഷ, സി. സരസ്വതി, ടി. അഞ്ചു, എൻ.എ. പ്രീതി, കെ.വി. സ്മിഷ എന്നിവരടങ്ങുന്ന തുളസി ജെ.എൽ.ജിയുമാണ് ചെണ്ടുമല്ലി കൃഷിക്ക് നേതൃത്വം നൽകിയത്.

പൂപ്പാടത്ത് നടന്ന വിളവെടുപ്പ് ഉത്സവം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ മുഖ്യാതിഥിയായി സംസാരിച്ചു. വൈസ് ചെയർപേഴ്സൺ കെ. സുമതി നന്ദി പറഞ്ഞു. അഗ്രി സി.ആർ.പി. ശ്രുതി, എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

വിളവെടുപ്പിന് ശേഷം അജാനൂർ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികൾക്കായി ഓണപ്പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂക്കളും ഇവിടെനിന്ന് വാങ്ങി. കുടുംബശ്രീ ജെ.എൽ.ജി അംഗങ്ങളുടെ കഠിനാധ്വാനത്തിന് ഇത് വലിയ പ്രോത്സാഹനമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow