ഒരു മൈതാനം, രണ്ട് സ്കൂളുകൾ; മടിക്കൈയിൽ വേറിട്ട കായികമേള
മടിക്കൈ: കിടമത്സരങ്ങളുടെ വർത്തമാനകാലത്ത് കുട്ടികൾക്കും നാടിനും വേറിട്ടൊരു മാതൃക മുന്നോട്ടുവച്ച് മടിക്കൈയിലെ രണ്ട് സർക്കാർ വിദ്യാലയങ്ങൾ. പൂത്തക്കാൽ ഗവ. യു.പി. സ്കൂളും മടിക്കൈ ആലമ്പാടി ഗവ. യു.പി. സ്കൂളും ഒരേ ദിവസം, ഒരേ മൈതാനത്ത് സംയുക്തമായി സ്കൂൾ കായികമേള സംഘടിപ്പിച്ചാണ് വേറിട്ട മാതൃക സൃഷ്ടിച്ചത്.
സെപ്റ്റംബർ 11ന് മടിക്കൈ ആലമ്പാടി ഗവ. യു.പി. സ്കൂൾ മൈതാനത്ത് രാവിലെ 10ന് ഇരു വിദ്യാലയങ്ങളിലെയും വിദ്യാർഥികൾ അണിനിരന്ന സംയുക്ത മാർച്ച് പാസ്റ്റോടെയാണ് കായികമേളയ്ക്ക് തുടക്കമായത്. പഞ്ചായത്തംഗം കെ.സുധീഷ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ഉദ്ഘാടനച്ചടങ്ങുകൾ നടന്നു.
ഉദ്ഘാടനത്തിന് ശേഷം മൈതാനം രണ്ട് ട്രാക്കുകളായി മാറി. ഇരു സ്കൂളുകളുടെയും കായിക ഇനങ്ങൾ ഒരേസമയം, മാറിമാറി നടന്നു. ഒരു സ്കൂളിലെ കുട്ടികൾ മറ്റേ സ്കൂളിന്റെ മത്സരങ്ങൾക്ക് കാണികളായും കൈയടികളായും മാറിയപ്പോൾ മൈതാനത്ത് വേറിട്ടൊരു കായികാന്തരീക്ഷം രൂപപ്പെട്ടു.
മത്സരത്തിൽ ജയിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വിജയത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന പാഠം കുട്ടികൾ നേരിട്ട് അനുഭവിച്ചറിഞ്ഞു. മത്സരവേദിയിൽ സൗഹൃദവും സഹകരണവും നിറഞ്ഞുനിന്നു.
കായികമേളയുടെ ഭക്ഷണവും ഒരേ ഭക്ഷണപ്പുരയിൽ തയ്യാറാക്കി. ഇരു വിദ്യാലയങ്ങളിലെയും കുട്ടികളും അധ്യാപകരും ഒരുമിച്ച് ഭക്ഷണം പങ്കിട്ടു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുമ്പോഴും വേർതിരിവുണ്ടായില്ല. ഇരു സ്കൂളുകളിലെയും അധ്യാപകരും പി.ടി.എ. പ്രവർത്തകരും മാറിമാറി സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒരേ മൈക്ക് പോയിന്റിൽ നിന്ന് രണ്ട് സ്കൂളുകളുടെയും അറിയിപ്പുകൾ തുടർച്ചയായി മുഴങ്ങിയതും മേളയുടെ പ്രത്യേകതയായി. രണ്ട് വിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങൾ ഒരേ വേദിയിൽ ഏകോപിപ്പിച്ചപ്പോൾ അത് കുട്ടികൾക്ക് മത്സരത്തിനപ്പുറമുള്ള കൂട്ടായ്മയുടെ പുതിയ അനുഭവമായി.
വൈകിട്ട് അഞ്ചോടെ കായികമേള സമാപിച്ചപ്പോൾ മടിക്കൈയുടെ കായികചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കുകയായിരുന്നു. മത്സരത്തിനൊപ്പം സഹകരണം, സൗഹൃദം, പങ്കുവെക്കൽ, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പകർന്ന ഈ സംയുക്ത കായികമേള കുട്ടികൾക്കും നാട്ടുകാർക്കും ഒരുപോലെ മാതൃകയായി.
ഇരു സ്കൂളുകളിലെയും പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?