അമ്പലത്തറയിൽ സൂപ്പർ മാർക്കറ്റ് കവർച്ചയിക്കിടെ മൂന്ന് പേർ പിടിയിൽ
അമ്പലത്തറ: അമ്പലത്തറ ടൗണിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. അമ്പലത്തറ ടൗണിൽ പ്രവർത്തിക്കുന്ന ക്യു മാർട്ട് സൂപ്പർ മാർക്കറ്റിലാണ് പുലർച്ചെയോടെ കവർച്ച നടന്നത്. സമീപത്തെ എക്സ്പ്രസ് സൂപ്പർ മാർക്കറ്റിലും കവർച്ചയ്ക്ക് ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്.
പടന്നക്കാട് കരുവളം സ്വദേശികളായ അറഫാത്ത്, ജുനൈദ്, പ്രായപൂർത്തിയാകാത്ത 17കാരൻ എന്നിവരെയാണ് അമ്പലത്തറ പൊലീസ് പിടികൂടിയത്. പുലർച്ചെ 3.30 മണിയോടെയാണ് ക്യു മാർട്ടിൽ കവർച്ച നടന്നത്. എക്സ്പ്രസ് സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം നടത്തിയ സംഘം പിന്നീട് ക്യു മാർട്ടിലെ ഷട്ടർ തകർത്താണ് അകത്ത് കടന്നതെന്നാണ് പൊലീസ് പറയുന്നത്.
കടയിൽ നിന്ന് 56,000 രൂപയും ചില സാധനങ്ങളും കവർന്നതായി പൊലീസ് അറിയിച്ചു. സമീപത്തെ ബാർബർ ഷോപ്പുടമയുടെ സഹായത്തോടെ പ്രതികളിൽ ഒരാളെ സ്ഥലത്തുവെച്ച് പിടികൂടി. തുടർന്ന് രക്ഷപ്പെട്ട രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യു മാർട്ടിലെ സി.സി.ടി.വി ക്യാമറ തകർത്ത നിലയിലായിരുന്നുവെന്നും സംഭവത്തിൽ കവർച്ച കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയരാജ്, എഎസ്ഐ ബിജു കീലേരി, സിപിഒ സതീശൻ പള്ളിക്കര എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?