അവയവദാനത്തിന് വ്യാജ രേഖകൾ ഉണ്ടാക്കുന്ന സംഘം അറസ്റ്റിൽ; പ്രധാന പ്രതി കാസർകോട് സ്വദേശി നജീബ്
കൊച്ചി: അവയവദാനത്തിനായി എംപിമാരുടെയും എംഎൽഎമാരുടെയും പേരിൽ വ്യാജ ശുപാർശക്കത്തുകളും രേഖകളും തയ്യാറാക്കിയ സംഘത്തെ പൊലീസ് പിടികൂടി. കേസിൽ പ്രധാന പ്രതിയായ കാസർകോട് സ്വദേശി നജീബിന് സഹായം നൽകിയെന്നാരോപിച്ച് കുന്നത്തുനാട് സ്വദേശികളായ സണ്ണി വർഗീസിനെയും ഭാര്യ സിനി വർഗീസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് മേഖലകളിലെ സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. സണ്ണി വർഗീസ് നടത്തിവന്ന ഡി.ടി.പി സെന്ററിലും സ്റ്റുഡിയോയിലും നിന്ന് സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റർപാഡുകൾ, വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാൻ ഉപയോഗിച്ച രേഖകൾ, മെഡിക്കൽ ലാബ് റിപ്പോർട്ടുകൾ കൃത്രിമമായി തയ്യാറാക്കുന്നതിനുള്ള സാമഗ്രികൾ എന്നിവ പൊലീസ് കണ്ടെത്തി.
അവയവദാനത്തിനായി വ്യാജ രേഖകൾ ചമയ്ക്കുന്ന വൻ റാക്കറ്റാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നജീബും ഭാര്യയും ചേർന്നാണ് റാക്കറ്റിനെ നിയന്ത്രിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നജീബിന്റെ ഭാര്യ അഭിഭാഷകയാണെന്ന പേരുപയോഗിച്ചാണ് പലരെയും വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.
ഇതിനിടെ, കുന്നത്തുനാട് പള്ളിക്കരയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലെ ജീവനക്കാരനായ സനോജിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ രേഖകൾ നിർമ്മിക്കാൻ ഇയാൾ സഹായിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറുകളിൽ നിന്ന് നിരവധി വ്യാജ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസ് കണ്ടെത്തിയതായും വിവരമുണ്ട്.
പ്രധാന പ്രതിയായ നജീബിനായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
What's Your Reaction?