കാസർകോട് കടൽത്തീരത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞു
കാസർകോട്: കാസർകോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തലയില്ലാത്ത നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏകദേശം ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. തല വേർപ്പെട്ട നിലയിലായിരുന്ന മൃതദേഹത്തിന്റെ കാലിലെ മാംസഭാഗങ്ങളും അഴുകി അസ്ഥികൾ പുറത്തുകാണുന്ന നിലയിലായിരുന്നു.
മൃതദേഹത്തിന്റെ അവസ്ഥ സംഭവത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്. മരണകാരണം സംബന്ധിച്ച് വിവിധ സാധ്യതകൾ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം കടലിലൂടെ ഒഴുകിയെത്തിയതാണോ, മറ്റേതെങ്കിലും സാഹചര്യത്തിലാണ് ഇവിടെ എത്തിപ്പെട്ടതോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. മരിച്ചയാളെ തിരിച്ചറിയാനും മരണകാരണം കണ്ടെത്താനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?