കാസർകോട്ടെ വനംവകുപ്പ് ഗോഡൗൺ കവർച്ച: ആനക്കൊമ്പ്-ചന്ദനക്കടത്ത് കേസിൽ ഡോക്ടർ അറസ്റ്റിൽ
കാസർകോട്: വനംവകുപ്പിന്റെ കാസർകോട് ഗോഡൗണിൽ നിന്ന് ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കർണാടകയിലെ ചിക്മംഗ്ലൂളൂരു സ്വദേശിയായ മുഹമ്മദ് ഫതീദ് എന്ന ഡോ. മുഹമ്മദ് ഫരീദിനെ (60)യാണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേരളം, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി സമാന കവർച്ചക്കേസുകളിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാന അംഗമാണ് മുഹമ്മദ് ഫരീദെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
2025 ജൂൺ 22-ന് രാത്രിയാണ് കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ വനംവകുപ്പിന്റെ ഗോഡൗണിൽ കവർച്ച നടന്നത്. വാഹനത്തിലെത്തിയ സംഘം ഗോഡൗണിലെ കാവൽക്കാരനെ കെട്ടിയിട്ടശേഷം രണ്ട് ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കവർന്ന് കടന്നുകളയുകയായിരുന്നുവെന്നാണ് കേസ്.
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ശാസ്ത്രീയ തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഫരീദ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
What's Your Reaction?