ചെമ്മട്ടം വയൽ കാലിച്ചാനടുക്കം റോഡ് നവീകരണം ഇഴയുന്നു
മടിക്കൈ: ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം രൂക്ഷമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 18 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 27.80 കോടി രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ ബല്ലത്തെ കൾവർട്ട് നിർമ്മാണം നീളുന്നതോടെ ജനങ്ങളുടെ ദൈനംദിന യാത്രകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
നിലവിൽ ബല്ല ഭാഗത്തെ കൾവർട്ട് നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചതോടെ മടിക്കൈ പൂത്തക്കാലിലേക്കും നീലേശ്വരം ഭാഗത്തേക്കും സർവീസ് നടത്തിയിരുന്ന ബസുകൾ മാസങ്ങളായി കല്യാൺ റോഡ്-ഏച്ചിക്കാനം വഴിയാണ് സർവീസ് നടത്തുന്നത്. വയമ്പ്, ആലയി, പുതുവൈ പ്രദേശങ്ങളിലെ ജനങ്ങൾ അമ്പലത്തുകരയിൽ ഇറങ്ങി ഓട്ടോകളിലോ സ്വകാര്യ വാഹനങ്ങളിലോ വീടുകളിലെത്തേണ്ട അവസ്ഥയിലാണ്.
ഏപ്രിൽ 19നകം കൾവർട്ട് നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും അത് നടപ്പായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ വേനൽമഴ ശക്തമായതോടെ പ്രദേശം ചളിക്കുളമായി മാറി. കാൽനടയാത്ര പോലും ദുഷ്കരമായ സാഹചര്യമാണ് ഇപ്പോൾ. കാലവർഷം ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ബല്ല ഈസ്റ്റ് ഹയർ സെക്കൻഡറിയിലേക്കും, മടിക്കൈ ഗവൺമെന്റ് ഹയർ സെക്കൻഡറിയിലേക്കും പോകേണ്ട വിദ്യാർത്ഥികളുടെ യാത്രയും ആശങ്കയാകുകയാണ്. മഴക്കാലത്ത് പതിവായി വെള്ളത്തിൽ മുങ്ങുന്ന 200 മീറ്റർ റോഡ് ഉയർത്തുന്നതിനായാണ് കൾവർട്ട് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇതുമൂലം അമ്പലത്തറ വരെയുള്ള മൂന്ന് കിലോമീറ്റർ പരിധിയിലെ യാത്രക്കാർക്ക് ബസ് സൗകര്യം നഷ്ടമായി.
മാവുങ്കാൽ വഴി ചുറ്റിപ്പോകേണ്ട സാഹചര്യം ഒഴിവാക്കാൻ ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്ന് ഫ്ലൈഓവറിലൂടെ കല്യാണം ഭാഗത്തേക്ക് പ്രവേശിക്കുന്ന തരത്തിലാണ് താൽക്കാലിക ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ചെമ്മട്ടംവയൽ ഭാഗത്തുനിന്ന് മടിക്കൈയിലേക്ക് എത്തുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. നിർമാണം വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?