ടിക് ടോക് പോര്; ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
ഷാർജ: സമൂഹമാധ്യമങ്ങളിലെ കടുത്ത വാഗ്വാദങ്ങൾക്കും പരസ്പരമുള്ള വെല്ലുവിളികൾക്കും ഒടുവിൽ ഷാർജയിൽ മലയാളി യുവാവ് മർദനമേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി (40) ആണ് ഷാർജ അൽ നഹ്ദയിലെ കാർ പാർക്കിങ് ഏരിയയിൽ വെച്ച് ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂർ സ്വദേശികളായ അഞ്ച് മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് കരാമയിലെ ഒരു തമിഴ്നാട് സ്വദേശിയുടെ ബേക്കറി-കുൽഫി കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായിൽ. ടിക് ടോക്കിൽ ഏറെ സജീവമായിരുന്ന ഇസ്മായിലും പ്രതികളും തമ്മിൽ ചില വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിന്നിരുന്നു.
സംഭവദിവസം ഇവർ സമൂഹമാധ്യമങ്ങളിൽ ലൈവായി പരസ്പരം കടുത്ത ഭാഷയിൽ വെല്ലുവിളികൾ ഉയർത്തിയിരുന്നു. വെല്ലുവിളികൾക്ക് പിന്നാലെ ഷാർജയിലെ അൽ നഹ്ദയിലുള്ള കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിൽ വെച്ച് ഇവർ നേരിട്ട് കണ്ടുമുട്ടുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തർക്കം മൂർച്ഛിച്ചതോടെ അഞ്ച് പ്രതികൾ ചേർന്ന് മരപ്പലക ഉൾപ്പെടെയുള്ള മാരകവസ്തുക്കൾ ഉപയോഗിച്ച് ഇസ്മായിലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ഇസ്മായിലിനെ ഷാർജ അൽ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അക്രമം നടന്നതിന് തൊട്ടുപിന്നാലെ തന്നെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച ഷാർജ പൊലീസ്, മുങ്ങാൻ ശ്രമിച്ച അഞ്ച് മലയാളി പ്രതികളെയും അതിവേഗം വലയിലാക്കി.
കൊല്ലപ്പെട്ട ഇസ്മായിൽ തൈവളപ്പിൽ ഇബ്രാഹിമിന്റെയും ജുബൈരിയ പൊന്നന്റെയും മകനാണ്. ഭാര്യ: നജ്മുന്നിസ. ഇവർക്ക് ഒരു മകനുണ്ട്. ഇസ്ഹാഖ്, ജുബൈർ, ഹസീന എന്നിവർ സഹോദരങ്ങളാണ്. നിലവിൽ ഇസ്മായിലിന്റെ മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
What's Your Reaction?