ഡിജിപിയായി എസ്. ശ്രീജിത്തിനെ നിയമിക്കാൻ ശുപാർശ; മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് ഫയൽ

Jul 29, 2026 - 10:42
 0
ഡിജിപിയായി എസ്. ശ്രീജിത്തിനെ നിയമിക്കാൻ ശുപാർശ; മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് ഫയൽ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി (ഡിജിപി) സ്ഥാനത്തേക്ക് എസ്. ശ്രീജിത്തിനെ നിയമിക്കണമെന്ന ശുപാർശ ചീഫ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ചു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്.

ജൂലൈ 31ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്നതോടെ ഒഴിവാകുന്ന ഡിജിപി തസ്തികയിലേക്കാണ് നിയമനം നടക്കേണ്ടത്. സീനിയോറിറ്റി പ്രകാരം എം.ആർ. അജിത് കുമാറിനാണ് സ്ഥാനക്കയറ്റത്തിന് അർഹതയുള്ളത്. എന്നാൽ അദ്ദേഹം നിലവിൽ സസ്പെൻഷനിലായതിനാൽ പരിഗണിക്കാനാകാത്ത സാഹചര്യമാണ്.

ഇതോടെ 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ശ്രീജിത്തിനെയും വിജയ് സാക്കറെയെയും സ്ക്രീനിംഗ് കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു.

അതേസമയം, എം.ആർ. അജിത് കുമാറിന് അർഹമായ ഡിജിപി തസ്തികയിലേക്ക് അദ്ദേഹത്തിന്റെ ജൂനിയറെ പരിഗണിക്കുന്നത് ഉചിതമല്ലെന്ന നിയമോപദേശവും ആഭ്യന്തര വകുപ്പിനും സർക്കാരിനും ലഭിച്ചതായാണ് വിവരം. മികച്ച സർവീസ് റെക്കോർഡോടെ ഡിജിപിയായി വിരമിച്ച ഹേമചന്ദ്രൻ സംസ്ഥാന പോലീസിന്റെ മുഖ്യ ഉപദേശകനായി തുടരുന്ന സാഹചര്യത്തിൽ, അജിത് കുമാറിനെ മറികടന്ന് എസ്. ശ്രീജിത്തിനെ നിയമിക്കുന്നതിനെ അദ്ദേഹം അനുകൂലിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, എം.ആർ. അജിത് കുമാർ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടുന്ന പക്ഷം, ഡിജിപി സ്ഥാനക്കയറ്റം അദ്ദേഹത്തിന് നൽകേണ്ട സാഹചര്യം സർക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow