അജാനൂരിൽ എച്ച് വൺ എൻ വൺ ജാഗ്രത; മരിച്ച വീട്ടമ്മയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനയ്ക്ക്

Jul 29, 2026 - 08:26
 0
അജാനൂരിൽ എച്ച് വൺ എൻ വൺ ജാഗ്രത; മരിച്ച വീട്ടമ്മയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനയ്ക്ക്

കാഞ്ഞങ്ങാട്: അജാനൂരിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച് വീട്ടമ്മ മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രത ശക്തമാക്കി. മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഏഴുപേർക്ക് പനിയും ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

അജാനൂർ മാണിക്കോത്ത് പുന്നക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുട്ടത്ത് കരുണാകരന്റെ ഭാര്യ ആക്കോടൻ യശോദ (62) ആണ് മരിച്ചത്. ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏഴുപേരോടും മാസ്‌ക് ധരിക്കാനും മറ്റുള്ളവരുമായി സമ്പർക്കം പരമാവധി ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

എച്ച് വൺ എൻ വൺ പകരുന്നത് തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. വി. രേഖ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow