വീണ്ടും ലഹരിക്കടത്തിൽ കുടുങ്ങി; യുവാവിനെ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി
കാസർകോട്: തുടർച്ചയായി ലഹരിമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗർ സ്വദേശിയായ നുഹ്മാ (25)യെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. തുടർന്ന് പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ജില്ലയിൽ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാകുന്ന 19-ാമത്തെ വ്യക്തിയാണ് നുഹ്മാൻ. ഇയാൾക്കെതിരെ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ രണ്ട് ലഹരിമരുന്ന് കേസുകളും, കാസർകോട് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും, വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസും ഉൾപ്പെടെ ആകെ ആറു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
ആറ് കേസുകളിൽ നാലിലും ഇയാൾ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷവും വീണ്ടും ലഹരിമരുന്ന് കടത്ത് കേസിൽ പ്രതിയായ സാഹചര്യത്തിലാണ് കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത്. ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?