ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ രാജ്യത്തിന്റെ പാരമ്പര്യത്തെയും, ഐക്യത്തെയും കളങ്കപ്പെടുത്തുന്നത്. കാന്തപുരം.

Jul 30, 2025 - 05:41
Jul 30, 2025 - 05:46
 0
ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ രാജ്യത്തിന്റെ പാരമ്പര്യത്തെയും, ഐക്യത്തെയും  കളങ്കപ്പെടുത്തുന്നത്. കാന്തപുരം.

കോഴിക്കോട്: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വാർത്തകൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലാർ അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിൽ ട്രെയിൻ യാത്രക്കിടെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലെ സംഭവമാണ്. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിർത്തികൾ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാൻ വന്ന പാവപെട്ട വിദ്യാർഥികളെ മനുഷ്യക്കടത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയിൽ ഓർക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തിൽ ഇന്ത്യക്കുള്ള യശസ്സ് അപകീർത്തിപ്പെടുത്താൻ ഇത്തരം സംഭവങ്ങൾ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവങ്ങളെല്ലാം. ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ഒരുവിഭാഗം ജനതയുടെ പൗരത്വം തന്നെ സംശയത്തിലാക്കുന്ന സാഹചര്യവും അസമിലെ സാധാരണക്കാരെ പുറം തള്ളാനുള്ള നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തെയാണ് അപകടപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളെ നിയമസാധുതയില്ലാതെ കുടിയൊഴിപ്പിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഒരിക്കലും നീതീകരിക്കാനാവില്ല. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പരത്തി, ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്നവർക്കെതിരെ പൗര സമൂഹവും ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒന്നിച്ചു രംഗത്തു വരേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജാഗ്രത പുലർത്തണമെന്നും കാന്തപുരം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow